ഓദ്യോഗികമായി ഇന്ത്യ സാങ്കേതിക മാന്ദ്യത്തില്‍; ജിഡിപി 7.5 ശതമാനം ഇടിഞ്ഞു
ആദ്യപാദത്തില്‍ 23.9 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞു. ആദ്യപാദത്തില്‍ 23.9 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടെ രണ്ട് പാദങ്ങളിലെയും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമായാണ് ഇതിനെ കണക്കാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവ് തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തുന്നതോടെ രാജ്യം ടെക്‌നിക്കല്‍ റിസഷനില്‍ എത്തുന്നതായാണ് കണക്കാക്കുന്നത്.
സമ്പദ് രംഗം ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യഥാര്‍ത്ഥ കണക്കുകളും ഇപ്പോള്‍ സമാനമായി പുറത്തുവന്നിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ ജി.ഡി.പിയില്‍ 9.5 ശതമാനം ചുരുങ്ങുമെന്നും റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നു.