രൂപയില്‍ വിദേശ വ്യാപാരം: റഷ്യയ്ക്ക് പ്രിയം യുവാന്‍, ഇന്ത്യയുമായുള്ള ചര്‍ച്ച പൊളിഞ്ഞതായി റിപ്പോര്‍ട്ട്

റഷ്യയ്ക്ക് രൂപ കൈവശം വയ്ക്കുന്നതിനോട് താത്പര്യമില്ല

Update: 2023-05-04 11:49 GMT

Image:@dhanamflie

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. റഷ്യയ്ക്ക് രൂപ കൈവശം വയ്ക്കുന്നതിനോട് താത്പര്യമില്ലെന്നും ചൈനീസ് യുവാനോ മറ്റ് കറന്‍സികളിലോ പണം നല്‍കാനാണ് ആഗ്രഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ രൂപ കുമിഞ്ഞ് കൂടും

ഇന്ത്യയുമായുള്ള വ്യാപരത്തില്‍ റഷ്യയ്ക്ക് നിലവില്‍ 4,000 കോടി ഡോളറിലധികം വ്യാപാര മിച്ചമുണ്ട്. രൂപയില്‍ വിദേശ വ്യാപാരം ആരംഭിക്കുന്നതോടെ ഇതിന് തത്തുല്യമായ ഇന്ത്യന്‍ രൂപ റഷ്യയില്‍ കുമിഞ്ഞ് കൂടും. ആഗോള വ്യാപാര സംവിധാനത്തില്‍ അത്രമേല്‍ മൂല്യമില്ലാത്ത ഇന്ത്യന്‍ രൂപ ഇത്തരത്തില്‍ കുമിഞ്ഞ് കൂടന്നതില്‍ റഷ്യയ്ക്ക് താത്പര്യമില്ല. ചരക്കുകളുടെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് വെറും 2 ശതമാനം മാത്രമാണ്. ഇത്തരം ഘടകങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് രൂപ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ മിക്ക വ്യാപരങ്ങളും നടക്കുന്നത് ഡോളറിലാണ്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി

റഷ്യയുമായി രൂപയില്‍ വിദേശ വ്യാപാരം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ തുടങ്ങിയെങ്കിലും രൂപയില്‍ ഒരു ഇടപാടും നടന്നതായി റിപ്പോര്‍ട്ടുകളില്ല. രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ രൂപയിലുള്ള വിദേശ വ്യാപാരം സഹായിക്കും. അതുകൊണ്ടു തന്നെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് രൂപയില്‍ വിദേശ വ്യാപാര സംവിധാനത്തിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകും. ഈയടുത്തകാലത്തായി വിലക്കുറലില്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ലഭിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യ വന്‍ തോതില്‍ ഇന്ധനം റഷ്യയില്‍ നിന്നും വാങ്ങുന്നുണ്ട്. ഏപ്രിലില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് വിതരണം ചെയ്തത് റഷ്യയാണ്.


Tags:    

Similar News