ഇനി വളര്‍ച്ചയുടെ കാലം, ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് IMF
2026 കഴിയുന്നതോടെ ഇന്ത്യ ജര്‍മനിയെയും പിന്നീട് ജപ്പാനെയും മറികടക്കും
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 10 ബില്യണ്‍ ഡോളറിന്റെ വ്യത്യാസത്തിനാണ് ഇന്ത്യയ്ക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം നഷ്ടമായത്. അഞ്ചാമനായ യുകെയെ 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യ പിന്തള്ളിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ, യുകെയെ പിന്തള്ളുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലൂക്ക് റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണയ നിധി (IMF) പറയുന്നത് 2027-28ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി (GDP at Current Price) മാറുമെന്നാണ്. 2025-26 കാലയളവില്‍ ജര്‍മ്മനിക്കൊപ്പം ഇന്ത്യയെത്തും.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത് പോലെ 5 ട്രില്യണ്‍ ഡോളിന്റെ സമ്പദ് വ്യവസ്ഥയായി രാജ്യം മാറില്ല. 4.94 ട്രില്യണ്‍ ഡോളറായിരിക്കും ഇക്കാലയളിവില്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യ 5.17 ട്രില്യണ്‍ വലുപ്പമുള്ള ജപ്പാനെ മറികടക്കും. 5.36 ട്രില്യണ്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2028ല്‍ യുഎസ് 30.28 ട്രില്യണ്‍ ഡോളറിന്റെയും ചൈന 28.25 ട്രില്യണ്‍ ഡോളറിന്റെയും സമ്പദ് വ്യവസ്ഥായിയി വളര്‍ന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തും.
2021-22ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂല്യം 3.18 ട്രില്യണ്‍ ഡോളര്‍ ആയിരിരുന്നു. യുകെയുടേത് 3.19 ട്രില്യണ്‍ ഡോളറും. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെയും യുകെയുടെയും സമ്പദ് വ്യവസ്ഥ യഥാക്രമം 3.47 ട്രില്യണ്‍ ഡോളര്‍, 3.2 ട്രില്യണ്‍ ഡോളര്‍ വീതമായിരിക്കും. വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ ( GDP at Purchasing Power Parity) ഇന്ത്യ 2027-28 കാലയളവിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരും. വാങ്ങല്‍ ശേഷി അനുസരിച്ച് 17.85 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായിരിക്കും (2027) ഇന്ത്യയുടേത്.