ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യം നേടാന്‍ 'ചൈന മോഡല്‍' പരീക്ഷിക്കാന്‍ ഇന്ത്യ
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഗുണമാകും
രാജ്യത്ത് നിന്നുളള കയറ്റുമതി ദ്രുതഗതിയിലും എളുപ്പത്തിലുമാക്കാനായി ചൈന നടപ്പാക്കിയ ക്രോസ് ബോര്‍ഡര്‍ ഇ-കൊമേഴ്‌സ് പൈലറ്റ് സോണുകളുടെ മാതൃകയില്‍ പുതിയ ഗ്രീന്‍ ചാനല്‍ (സാധാരണ പരിശോധന സംവിധാനങ്ങള്‍ ഒഴിവാക്കിയുള്ളത്) ഒരുക്കാന്‍ ഇന്ത്യ. ഇതിനായി ഇ-കൊമേഴ്‌സ് - റവന്യു വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തിവരികയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിയമപരമായും അല്ലാതെയും ഇതിനായി ഒരുക്കേണ്ട ഇക്കോസിസ്റ്റത്തെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.
വെയര്‍ഹൗസുകളും
എയര്‍പോര്‍ട്ടുകള്‍ക്കടുത്തായി ഇ-കൊമേഴ്‌സ് എക്‌സ്‌പോര്‍ട്ട് സോണ്‍ സ്ഥാപിച്ച് എക്‌സ്‌പോര്‍ട്ട് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദ്രുത
ഗതിയിലിക്കാനാണ് ഗ്രീന്‍ ചാനല്‍ വഴി ഉദ്ദേശിക്കുന്നത്. സാധനങ്ങളുടെ സംഭരണം, കസ്റ്റംസ് ക്ലിയറന്‍സ്, റിട്ടേണ്‍ പ്രോസസിംഗ്, ലേബലിംഗ്, ടെസ്റ്റിംഗ്, റീ പാക്കേജിംഗ് എന്നിവ നടത്തുന്നതിനുള്ള വെയര്‍ഹൗസിംഗ് സൗകര്യങ്ങളും ഇകൊമേഴ്‌സ് എക്‌സ്‌പോര്‍ട്ട് ഹബിനൊപ്പം സജീകരിക്കും.
ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഗുണമാകുന്ന നീക്കമാണിത്.
ഉടനടി (ഇന്‍-ടൈം) ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ളവ സാധ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചൈന മോഡല്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് ഇവിടെ നടപ്പാക്കാവുന്ന കാര്യങ്ങള്‍ പരിഗണിക്കും.
ഒരു ലക്ഷം കോടി ഡോളര്‍ കയറ്റുമതി
2030 ഓടെ ഇന്ത്യ ലക്ഷ്യമിടുന്നത് ഒരു ട്രില്യണ്‍ ഡോളര്‍ കയറ്റുമതിയാണ്. 12.2 ശതമാനം സംയോജിത വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ഇത് സാധ്യമാകാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ക്രോസ്-ബോര്‍ഡര്‍ കയറ്റുമതി. രാജ്യത്ത് നിന്ന് പോസ്റ്റ് വഴിയും കൊറിയര്‍ വഴിയുമുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി 1.5 ബില്യണ്‍ ഡോളറിന്റേതാണ്.