യുഎഇയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താനൊരുങ്ങി ഇന്ത്യ
നിലവില്‍ യുഎഇയുമായുള്ള വ്യാപാരത്തിന് ഇന്ത്യന്‍ രൂപ ആദ്യം ഡോളറിലേക്കും പിന്നീട് ദിര്‍ഹത്തിലേക്കും മാറ്റിയാണ് ഉപയോഗിക്കുന്നത്
യുഎഇയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതുസംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വരുകയാണ്. ആഭ്യന്തര കറന്‍സികളിലെ ഇടപാട്, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയക്കുമെന്നതാണ് പ്രധാന നേട്ടം.
പ്രാദേശിക കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു നയരേഖ യുഎഇയ്ക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒരു നോഡല്‍ ഓഫീസറെ യുഎഇയും നിയമിച്ചിരുന്നു. നിലവില്‍ യുഎഇയുമായുള്ള വ്യാപാരത്തിന് ഇന്ത്യന്‍ കച്ചവടക്കാര്‍ ആദ്യം ഡോളറിലേക്കും പിന്നീട് ദിര്‍ഹത്തിലേക്കും (യുഎഇ കറന്‍സി) രൂപ മാറ്റിയാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം നേരിട്ട് രൂപ-ദിര്‍ഹം ഇടപാടാണ് ഇരു രാജ്യങ്ങളും പരിഗണിക്കുന്നത്.
നിലവില്‍ 22.24 രൂപയാണ് ഒരു ദിര്‍ഹത്തിന്റെ മൂല്യം. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. രാജ്യത്തിന്റെ കയറ്റുമതി വിപണിയില്‍ രണ്ടാം സ്ഥാനമാണ് യുഎഇയ്ക്ക് ഉള്ളത്. ഈ വര്‍ഷം ആദ്യം ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതുകൂടാതെ യുഎഇ കൂടി അംഗമായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായി (GCC) വ്യാപാരക്കരാറില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.