വമ്പന്‍ വ്യാപാരക്കരാറിനൊരുങ്ങി ഇന്ത്യയും യുഎസും

Update: 2020-01-29 11:30 GMT

വമ്പന്‍ വ്യാപാര കരാറിലേര്‍പ്പെടാന്‍ തയാറെടുത്ത് ഇന്ത്യയും യുഎസും. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തിസര്‍ അടുത്ത മാസം നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1000 കോടി ഡോളറിന്റെ (ഏകദേശം 71,000 കോടി രൂപ) വ്യാപാര കരാറാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ കരാറില്‍ ഒപ്പുവെക്കാമെന്ന ധാരണയോടെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഫെബ്രുവരി 24-25 തിയകളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായി ഫെബ്രുവരി രണ്ടാം വാരം ഇന്ത്യയിലെത്തുന്ന ലൈറ്റ്തീസര്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

വിവിധ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കരാറോടെ വ്യക്തത കൈവരും. അമേരിക്കന്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡ്യൂട്ടി, ഡയറി ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വിപണന സാധ്യത, ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാവും. മുന്തിരിയടക്കമുള്ള പഴവര്‍ഗങ്ങളുടെ അമേരിക്കയിലെ വിപണി സാധ്യതകള്‍ ഇന്ത്യ ആരായും. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമവും ഇന്ത്യ നടത്തും.

ഇതോടെ നിരവധി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചുങ്കം ഇല്ലാതെ ഇന്ത്യക്ക് എത്തിക്കാനാകും. 2019 ജൂണ്‍ അഞ്ചിനാണ് ഇന്ത്യയ്ക്ക് നേരത്തെ നല്‍കിക്കൊണ്ടിരുന്ന ഈ ആനുകൂല്യം യുഎസ് നിര്‍ത്തലാക്കിയത്. യുഎസ് ഡയറി, മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ യുഎസ് കയറ്റുമതിയെ ബാധിച്ചിരുന്നു.

2018 ല്‍ 630 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ ആനുകൂല്യം ഉപയോഗിച്ച് ഇന്ത്യ നടത്തിയിരുന്നത്. യുഎസിലേക്കുള്ള ആകെ കയറ്റുമതിയുടെ 12.1 ശതമാനം വരുമിത്. ഏകദേശം 24 കോടി ഡോളറിന്റെ ഇളവുകള്‍ ഇതിലൂടെ ലഭിച്ചുവെന്നാണ് കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News