മണ്‍സൂണ്‍ മഴ കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ സാധാരണയിലും താഴെയുള്ള മഴയ്ക്കാണ് സാധ്യത
ഈ വർഷം ജൂണ്‍-സെപ്റ്റംബര്‍ കാലളവിൽ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ (El Nino) ഉയര്‍ന്നുവരാന്‍ സാധ്യതയുതിനാലാണ് ഇതെന്ന് ഐ.എം.ഡി അറിയിച്ചതായി 'ദി ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. എല്‍ നിനോ മഴയുടെ അളവ് ഗണ്യമായി കുറയ്ക്കും. ഇത് കാര്‍ഷിക ഉല്‍പാദനത്തെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും.
സംസ്ഥാനങ്ങളില്‍ ഇങ്ങനെ
രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ കൃഷി പ്രധാനമായും മഴയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവയുള്‍പ്പെടെ കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മെയ് മാസത്തില്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനില നേരിടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ സാധാരണയിലും താഴെയുള്ള മഴയ്ക്കാണ് സാധ്യത.
വെല്ലുവിളികള്‍ ഏറെ
ഉയര്‍ന്ന പണപ്പെരുപ്പം, വളര്‍ച്ചാ മാന്ദ്യം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയുമായി ഇതിനോടകം തന്നെ ഇന്ത്യ പൊരുതുന്ന സമയത്താണ് എല്‍ നിനോയുടെ പ്രവചനമെന്ന് കെയര്‍ റേറ്റിംഗിന്റെ ചീഫ് ഇക്കണോമിസ്റ്റ് രജനി സിന്‍ഹ പറഞ്ഞു. പ്രധാന ഖാരിഫ് വിളകളായ അരി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില ഇതിനകം ഉയര്‍ന്ന നിലയിലാണ്. മണ്‍സൂണ്‍ മോശമായാല്‍ ഈ ചരക്കുകളുടെ ഉല്‍പാദനത്തെ ബാധിക്കുമെന്നും ഭക്ഷ്യ വിലക്കയറ്റവുമുണ്ടാകുമെന്നും രജനി സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
സാധാരണയില്‍ താഴെയെന്ന് സ്‌കൈമെറ്റ്
ഈ വര്‍ഷം സാധാരണ മണ്‍സൂണ്‍ (ശരാശരിയുടെ 96 ശതമാനം) ആയിരിക്കുമെന്ന് ഈ മാസം ആദ്യം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മണ്‍സൂണിന്റെ രണ്ടാം പകുതിയില്‍ എല്‍ നിനോ ഉയര്‍ന്നുവരുമെന്നുമാണ് അന്ന് പ്രവചിച്ചിരുന്നത്. അതേസമയം സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് ഈ വര്‍ഷം സാധാരണയില്‍ താഴെയുള്ള മണ്‍സൂണ്‍ (94 ശതമാനം) പ്രവചിച്ചിരുന്നു.