രൂപ റെക്കോഡ് താഴ്ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞു

കയറ്റുമതി തിളങ്ങും; ഇറക്കുമതിക്ക് ചെലവേറും

Update:2024-03-22 18:23 IST

Image courtesy: canva


ഇന്ത്യന്‍ രൂപ ഇന്ന് യു.എസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇന്‍ട്രാ-ഡേയില്‍ 83.43ലേക്ക് താഴ്ന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 83.4250ല്‍ എന്ന റെക്കോഡ് താഴ്ച്ചയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.3 ശതമാനത്തിലധികം ഇടിവാണുണ്ടായത്. ഇന്ന് ഇന്ത്യന്‍ രൂപ മാത്രമല്ല മൂല്യത്തകര്‍ച്ച നേരിട്ടത്. എല്ലാ പ്രധാന കറന്‍സികളും 0.2-0.7 ശതമാനം ഇടവിലാണ്. 6 പ്രധാന കറന്‍സികള്‍ക്കെതിരെയുള്ള യു.എസ് ഡോളറിന്റെ പ്രകടനം ട്രാക്ക് ചെയ്യുന്ന യു.എസ് ഡോളര്‍ സൂചിക ഇന്ന് 103.66ല്‍ നിന്ന് 104.13 ആയി ഉയര്‍ന്നു.

അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ സൃഷിടിക്കും. ഇത് ഇന്ത്യയല്‍ നിന്നുള്ള കയറ്റുമതിക്ക് ഉത്തേജനം പകരും. അതിനാല്‍ ഐ.ടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി കേന്ദ്രീകൃത കമ്പനികള്‍ക്ക് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ പ്രയോജനം ലഭിക്കും. മാത്രമല്ല വിദേശത്ത് ജോലി ചെയ്ത് ഡോളറിൽ വരുമാനം കണ്ടെത്തുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രൂപയുടെ അടിസ്ഥാനത്തില്‍ വലിയ മൂല്യം ലഭിക്കും.

അതേസമയം വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചെലവുകള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നവര്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാകും. മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ച എണ്ണ വിപണന കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരുടെ ചെലവ് ഉയര്‍ത്തും. ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ധനക്കമ്മി വര്‍ധിപ്പിക്കുന്നതിനും രൂപയുടെ മൂല്യത്തകര്‍ച്ച കാരണമാകും. മാത്രമല്ല വിദേശ നിക്ഷേപകര്‍ പണം ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. രൂപയുടെ മൂല്യത്തിൽ ഇത്തരത്തിൽ തകർച്ച തുടരുകയാണെങ്കിൽ  നിക്ഷേപത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും.

Tags:    

Similar News