വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ കൈവശം വെച്ചിരിക്കുന്ന കണക്കിൽപ്പെടാത്ത സ്വത്ത് 15 ലക്ഷം കോടി രൂപ മുതൽ 34 ലക്ഷം കോടി രൂപ വരെ ($216-490 billion) യാണെന്ന് പഠന റിപ്പോർട്ട്. 1980 മുതൽ 2010 വരെയുള്ള വർഷങ്ങളിലെ കണക്കാണിത്.
മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകൾ-- NIPFP, NCAER, NIFM--നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പാർലമെൻറിൽ തിങ്കളാഴ്ച്ച സമർപ്പിച്ചതാണ് ഈ റിപ്പോർട്ടുകൾ.
പഠനങ്ങളനുസരിച്ച് റിയൽ എസ്റ്റേറ്റ്, ഖനനം, ഫാർമ, പാൻ മസാല, ഗുഡ്ക്ക, പുകയില, ബുളള്യൻ, കമ്മോഡിറ്റി, സിനിമ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ കണക്കിൽപ്പെടാത്ത സ്വത്തുള്ളത്.
എന്നിരുന്നാലും വളരെ കൃത്യമായി ഇവ കണക്കുകൂട്ടാനുള്ള സംവിധാനം ഇന്ന് ലോകത്ത് നിലവിലില്ലെന്നും എം. വീരപ്പമൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, കണ്ടെത്തലുകൾ തമ്മിൽ പൊരുത്തമില്ലായ്മയും പ്രകടമാണ്.
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റീസേർച്ചിന്റെ (NCAER) റിപ്പോർട്ടനുസരിച്ച് 1980-2010 കാലയളവിൽ 384 ബില്യൺ ഡോളർ മുതൽ 490 ബില്യൺ ഡോളർ വരെ കണക്കിൽപ്പെടാത്ത സ്വത്ത് വിദേശത്തുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് (NIFM) പറയുന്നത് 1990-2008 കാലയളവിൽ 9,41,837 കോടി രൂപയുടെ (216.48 billion dollar) കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്നാണ്. 1997-2009 കാലയളവിൽ രാജ്യത്തിൻറെ ജിഡിപിയുടെ 0.2 ശതമാനം മുതൽ 7.4 ശതമാനം വരെ കള്ളപ്പണം വിദേശത്തേയ്ക്ക് ഒഴുകിയിട്ടുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസിന്റെ (NIPFP) കണ്ടെത്തൽ.