വരുമാനവും ഉപഭോഗവും പിന്നോട്ട്, ഇന്ത്യ ഇതെങ്ങോട്ട്?

കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 5.1 ശതമാനം എന്ന അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍;

Update:2023-10-08 11:38 IST
Family Saving

Image by Canva

  • whatsapp icon

ആര്‍.ബി.ഐ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിന്മേല്‍ വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 2022ലെ 7.2 ശതമാനത്തില്‍ നിന്ന് 2023 ആയപ്പോള്‍ ജി.ഡി.പിയുടെ 5.1 ശതമാനം എന്ന അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നാണ് റിപ്പോര്‍ട്ട്. കുടുംബങ്ങളുടെ വാര്‍ഷിക സാമ്പത്തിക ബാധ്യത ജി.ഡി.പിയുടെ 5.8 ശതമാനമായി കൂടുകയും ചെയ്തു. 2021-22ല്‍ ഇത് 3.8 ശതമാനമായിരുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി, സമ്പദ്‌വ്യവസ്ഥയില്‍ താഴ്ന്ന സമ്പാദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ജി.ഡി.പിയെ പ്രധാനമായും മുന്നോട്ട് നയിക്കുന്ന ഉപഭോഗത്തിലെ കുറവ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന നിലപാടിലാണ് ധനകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ കുടുംബങ്ങളില്‍ പ്രശ്നങ്ങളില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

ഉപഭോക്താക്കളുടെ മുന്‍ഗണന മാറി
കുടുംബങ്ങളുടെ സമ്പാദ്യക്രമങ്ങളില്‍ വന്ന മാറ്റങ്ങളുടെ യഥാര്‍ത്ഥ കാരണം ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ മാറിയതാണെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ സമ്പാദ്യം പണ രൂപത്തില്‍ തന്നെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഫിസിക്കല്‍ സമ്പാദ്യത്തിനാണ് മുന്‍ഗണന. ഉദാഹരണത്തിന് അടുത്തിടെ റിയല്‍ എസ്റ്റേറ്റ്, വാഹനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വായ്പ എടുക്കുന്നതിനുള്ള പ്രവണത ഇന്ത്യക്കാരില്‍ കൂടിയിട്ടുണ്ട്.
പണ സമ്പാദ്യം മാത്രം കുടുംബങ്ങളുടെ സമ്പാദ്യശേഷി നിര്‍ണയിക്കുന്നതിനുള്ള സൂചകങ്ങളായി കരുതാനാവില്ലെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ടും വാദിക്കുന്നു. ഇതേക്കുറിച്ചുള്ള സമഗ്രമായ ചിത്രം ലഭിക്കുന്നതിന് ഫിസിക്കല്‍ സേവിംഗ്സ് കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടിലാല്‍ ഓസ്വാള്‍ ഇക്കോസ്‌കോപിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. 'ദുര്‍ബലമായ വരുമാന വളര്‍ച്ചയ്ക്കൊപ്പം ശക്തമായ ഉപഭോഗവും നിക്ഷേപ വളര്‍ച്ചയും (ഫിസിക്കല്‍ സേവിംഗ്സ്) സംഭവിക്കുന്നത് കുടുംബങ്ങളുടെ പണമായുള്ള സമ്പാദ്യം ഗണ്യമായി കുറയുമ്പോള്‍ മാത്രമാണ്. അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. അത്തരം സാമ്പത്തിക വളര്‍ച്ച സുസ്ഥിരമല്ല.' റിപ്പോര്‍ട്ടില്‍ പറയുന്നു.
വേണ്ടത്ര സമ്പാദിക്കാനായില്ല
ഈ പ്രവണതയ്ക്ക് മറ്റു കാരണങ്ങളും ഉണ്ട്. കോവിഡ് കാല പ്രതിസന്ധിയില്‍ നിന്ന് പല കുടുംബങ്ങളും കരകയറുന്നതേയുള്ളൂ. ഉയര്‍ന്ന പണപ്പെരുപ്പം മൂലം അവര്‍ക്ക് വേണ്ടത്ര സമ്പാദിക്കാനുമായിട്ടില്ല. എന്നാല്‍ ദുര്‍ബലമായ ഉപഭോക്തൃ ഡിമാന്‍ഡ് കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുസ്ഥിര വളര്‍ച്ചയുടെ അഭാവത്തില്‍ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനോ വിപുലീകരണത്തിനോ കമ്പനികള്‍ വിമുഖത കാട്ടും. മാന്ദ്യത്തിന് സമാനമായ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സാഹചര്യത്തില്‍ ഈ അസന്തുലിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. 

(This article was originally published in Dhanam Magazine October 1st issue)

Tags:    

Similar News