10 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകണമെങ്കിൽ വേണ്ടത് 4 കാര്യങ്ങൾ

Update: 2019-02-06 12:09 GMT

2030 ആകുമ്പോഴേക്കും ഇന്ത്യയെ 10 ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം എത്രമാത്രം പ്രായോഗികമാണ്?

ടൈ മുംബൈയുടെ വാർഷിക സമ്മേളനത്തിലെ ചർച്ചയിൽ ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയോടു ഉന്നയിച്ച ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. ബജറ്റിൽ അവതരിപ്പിച്ച ഈ പദ്ധതി തീരെ അപ്രായോഗികമാണെന്നായിരുന്നു ഉത്തരം.
എന്നിരുന്നാലും, നാരായണമൂർത്തിയുടെ അഭിപ്രായത്തിൽ, ഈ ലക്ഷ്യം എത്തിപ്പിടിക്കാനാവും; സർക്കാർ ഈ നാല് സ്ട്രാറ്റജികൾ പിന്തുടർന്നാൽ.

1. സാംസ്‌കാരിക പരിവർത്തനം

സാമ്പത്തികമായി ഒരു പരിവർത്തനം വേണമെങ്കിൽ സാംസ്‌കാരിക പരിവർത്തനം അത്യാവശ്യമാണ്. കഠിനാധ്വാനം, സത്യസന്ധത, വിശ്വാസം, സ്വകാര്യ വ്യക്തികളുടെ താല്പര്യങ്ങൾക്ക് പകരം പൊതുജനങ്ങളുടെ താല്പര്യം ഉയർത്തിപ്പിടിക്കുക; ഓരോ രാഷ്ട്രീയ നേതാക്കളും ഒപ്പം കോർപറേറ്റ്, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ നേതാക്കളും ഈ മൂല്യങ്ങളെ മുറുകിപ്പിടിക്കണം.

2. ജിഡിപിയിൽ കയറ്റുമതിയുടെ പങ്ക്

ജിഡിപിയിൽ കയറ്റുമതിയുടെ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തണം. നിലവിൽ 13 ശതമാനത്തോളമാണ് ഇത്. ലോകത്തെ ഒരു രാജ്യങ്ങളും കയറ്റുമതിയുടെ ജിഡിപിയിലുള്ള സംഭാവന 25-30 ശതമാനമായി ഉയർത്താതെ ത്വരിതവളർച്ച നേടിയിട്ടില്ല.

3. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം

ഓരോ വർഷവും കോളേജ് പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും മോശമാണ് നമ്മുടെ ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ.

4. ബിസിനസുകൾക്ക് അനുകൂലാന്തരീക്ഷം

ബിസിനസുകളുടെ വളർച്ചയ്ക്ക് കൂടുതൽ അനുകൂലാന്തരീക്ഷം സർക്കാർ സൃഷ്ടിക്കേണ്ടതായുണ്ട്. ഇന്ന് ബിസിനസ് നടത്താൻ രാജ്യത്ത് നിരവധി നിയന്ത്രണങ്ങൾ ഉണ്ട്. ഏഞ്ചൽ ടാക്സ് ഇതിനൊരു ഉദാഹരണമാണ്. രാജ്യത്തിന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ സംരംഭകത്വം പ്രോത്സഹിപ്പിച്ചേ മതിയാവൂ.

Similar News