ബജറ്റ് 2019: കര്‍ഷകർക്ക് പണം നേരിട്ട് ബാങ്കിലേക്ക്

Update: 2019-02-01 09:15 GMT

പ്രതീക്ഷിച്ചപോലെ തന്നെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പിയൂഷ് ഗോയല്‍ മുന്തിയ പരിഗണന തന്നെ നല്‍കി. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ താഴെയിറക്കാനും ഭരണത്തിലേറ്റാനും കഴിവുള്ളവര്‍ തന്നെയാണ് കര്‍ഷകരെന്ന തിരിച്ചറിവും ഈ പരിഗണന നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമുണ്ടായത്. 22 വിളകളെ താങ്ങുവില നല്‍കേണ്ടുന്നവയുടെ പട്ടികയില്‍ പെടുത്തിയത് നിരവധി കര്‍ഷകര്‍ക്ക് പ്രയോജനകരമാകും. ഉല്‍പ്പാദനം വര്‍ധിച്ചുവെങ്കിലും അതിനനുസരിച്ച വില ലഭിക്കുന്നില്ലെന്നതാണ് നിലവില്‍ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍.

ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയാണ് ഈ ബജറ്റിലെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം. രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള 12 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് ബാങ്ക് എക്കൗണ്ട് മുഖേന ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതിനായി 75,000 കോടി രൂപ വകയിരുത്തുകയും ചെയ്തു.

2000 രൂപ വീതം മൂന്നു ഗഡുക്കളായി തുക കര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനു പുറമേ പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം വരുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പയിന്മേല്‍ മൂന്നു ശതമാനം പലിശയിളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല കാര്‍ഷിക വായ്പയില്‍ അഞ്ചു ശതമാനം വരെ പലിശയിളവിനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്. രണ്ടു ശതമാനം സാധാരണ നിലയില്‍ ലഭിക്കുമ്പോള്‍ കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് മൂന്നു ശതമാനം അധിക ഇളവും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫിഷറീസിന് പ്രത്യേക വകുപ്പ്

ലോകത്തെ രണ്ടാമത്തെ മത്സ്യ ഉല്‍പ്പാദന രാഷ്ട്രമാണ് നമ്മുടേത്. രാഷ്ട്രീയ ഗോകുല്‍ മിഷനിലൂടെ മൃഗ സംരക്ഷണം, മത്സ്യ കൃഷി എന്നിവയ്ക്ക് ബജറ്റില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഇതില്‍ പ്രധാനം.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരം വായ്പയെടുത്ത മൃഗസംരക്ഷണ-മത്സ്യ കര്‍ഷകര്‍ക്ക് കൂടി അഞ്ചു ശതമാനം പലിശയിളവ് ലഭിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.

രാഷ്ട്രീയ കാമധേനു യോജന

പശു സംരക്ഷണത്തിനായി രാഷ്ട്രീയ കാമധേനു യോജനയ്ക്ക് കൂടി രൂപം നല്‍കും. പശു സംരക്ഷണത്തിനുള്ള പദ്ധതികളും നയങ്ങളും ആയോഗ് ആവിഷ്‌കരിച്ച് നടപ്പിലാക്കും. കൂടുതല്‍ പാലുല്‍പ്പാദനവും പശുസമ്പത്ത് വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ പ്രഖ്യാപനം.

Similar News