ജിം റോജേഴ്‌സ് പറയുന്നു, ഓഹരി വിപണിയില്‍ ഏറ്റവും മോശം കാലം വരാനിരിക്കുന്നതേയുള്ളു

Update: 2020-04-01 07:29 GMT

കോവിഡ് ബാധയെ തുടര്‍ന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ആഗോള ഓഹരി വിപണികളില്‍ ഏറ്റവും മോശം കാലം വരാനിരിക്കുന്നതേയുള്ളൂവെന്ന് പ്രസിദ്ധ നിക്ഷേപകനായ ജിം റോജേഴ്‌സ്.

തന്റെ ആയുസ്സിലെ ഏറ്റവും രൂക്ഷമായ ബെയര്‍ മാര്‍ക്കറ്റാവും വരും വര്‍ഷങ്ങളിലുണ്ടാകുകയെന്ന് അദ്ദേഹം പ്രവചിക്കുന്നു. കോവിഡ് ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, കനത്ത കടഭാരം, പലിശ നിരക്കുകള്‍ കുത്തനെ കുറയുന്നത് തുടങ്ങിയ മൂന്ന് കാര്യങ്ങള്‍ ഓഹരി വിപണികള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് റോജേഴ്‌സ് ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ സാരഥിയായ ജിം റോജേഴ്‌സ് അഭിപ്രായപ്പെടുന്നു.
''അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം ഏറ്റവും മോശമായ ബെയര്‍ മാര്‍ക്കറ്റിന് സാക്ഷ്യം വഹിക്കും,'' അദ്ദേഹം പറയുന്നു.

2008നു ശേഷം ഓഹരി വിപണികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ത്രൈമാസമാണ് ഇന്നലെ കഴിഞ്ഞത്. ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ബഹുശതം കോടികള്‍ വിപണിയിലേക്ക് ഒഴുക്കിയിട്ടും വിപണിയില്‍ അത് പോസിറ്റീവ് ചലനം സൃഷ്ടിച്ചില്ല.

ഇതാദ്യമായിട്ടല്ല ജിം റോജേഴ്‌സ് മോശം സാഹചര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ക്ഡൗണും യാത്രാ വിലക്കുകളുമെല്ലാം ബിസിനസുകളെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുമെന്നും കമ്പനികളുടെ കടം കൂടാന്‍ അത് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ''കമ്പനികളുടെ കടം വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ തിരിച്ചുകയറ്റം അത്രയെളുപ്പമാകില്ല. കോവിഡ് അത്രയേറെ ആഴത്തിലുള്ള നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്,'' റോജേഴ്‌സ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News