കാഴ്ചപ്പാട് പോസിറ്റീവ്; വിദേശ സൂചനകളും അനുകൂലം; വിൽപന സമ്മർദം തുടർന്നേക്കും; ആർ.ബി.ഐ നിബന്ധന ധനകാര്യ സ്ഥാപനങ്ങൾക്കു തിരിച്ചടി; സ്വർണം കയറ്റത്തിൽ

വില കയറിയിറങ്ങി ക്രൂഡ് ഓയിൽ

Update:2024-05-07 07:54 IST

വിദേശ വിപണികളിലെ ഉണർവ് ഇന്നും ഇന്ത്യൻ വിപണിക്കു സഹായമാകും. എന്നാൽ ലാഭമെടുക്കാനായുള്ള വിൽപനയുടെ സമ്മർദം കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇനിയും വിപണിയെ ദുർബലമാക്കാം. വിദേശനിക്ഷേപകർ ഉടനേ വിപണിയിലേക്കു വാങ്ങലുകാരായി വരികയില്ലെന്ന ധാരണയും തിരഞ്ഞെടുപ്പും വിപണിക്കു വലിയ കുതിപ്പിനു തടസമാകുന്നുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,605ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,580ലാണ്. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും നല്ല നേട്ടത്തിൽ അവസാനിച്ചു. പലിശകുറയ്ക്കൽ പ്രതീക്ഷ വിപണിയെ സഹായിച്ചു. യു.എസ് വിപണി തിങ്കളാഴ്ച മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഡൗ ജോൺസ് തുടർച്ചയായ നാലാം ദിവസമാണു കുതിച്ചത്. പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷയും വിപണിയെ സഹായിച്ചു.

ഡൗ ജോൺസ് 176.59 പോയിൻ്റ് (0.46%) ഉയർന്ന് 38,852.27ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 52.95 പോയിൻ്റ് (1.03%) കയറി 5180.74ൽ അവസാനിച്ചു. നാസ്ഡാക് 192.92 പോയിൻ്റ് (1.19%) കുതിച്ച് 16,349.25ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.03 ശതമാനവും  എസ് ആൻഡ് പി 0.07 ശതമാനവും നാസ്ഡാക് 0.15 ശതമാനവും താഴ്ന്നാണു നിൽക്കുന്നത്. പത്തു വർഷ യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.492 ശതമാനം ആയി.

ഏഷ്യൻ വിപണികൾ ഇന്നു നല്ല നേട്ടത്തിലാണ്. ഒരു ദിവസത്തെ അവധിക്കു ശേഷം പ്രവർത്തിക്കുന്ന ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വിൽപന സമ്മർദത്തിൽ താഴ്ന്നു. ഒടുവിൽ നാമമാത്ര നേട്ടവും കോട്ടവുമായി സൂചികകൾ അവസാനിച്ചു. ഇന്നലെ സ്മോൾക്യാപ് ഓഹരികൾക്കു വലിയ ഇടിവ് നേരിട്ടു.

തിങ്കളാഴ്ച സെൻസെക്സ് 17.39 പോയിൻ്റ് (0.02%) കൂടി 73,895.54ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 33.15 പോയിൻ്റ് (0.15%) താഴ്ന്ന് 22,442.70ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 28.25 പോയിൻ്റ് (0.06%) നഷ്ടത്തിൽ 48,895.30ൽ ക്ലോസ് ചെയ്തു. മിഡ്ക്യാപ് സൂചിക 0.54 ശതമാനം താഴ്ന്ന് 50,662.20ലും സ്മോൾ ക്യാപ് സൂചിക 1.50 ശതമാനം ഇടിഞ്ഞ് 16,683.15ലും അവസാനിച്ചു.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2168.75 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 781.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണി ചെറിയ കയറ്റവും വലിയ വിൽപന സമ്മർദവുമായി നീങ്ങുകയാണ്. ഒരു കുതിപ്പിനു തക്ക നിലപാട് എടുത്തു കാണുന്നില്ല. ആരും തുറന്നു പറയുന്നില്ലെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വവും വിപണിയുടെ മേൽ നിഴൽ വീഴ്ത്തുന്നുണ്ട്. പ്രതീക്ഷിക്കുന്നത്ര ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഭരണത്തിൽ വേണ്ട തൻ്റേടം കാണുകയില്ല എന്നു കുറേപ്പേർ കരുതുന്നു.

നിഫ്റ്റി 22,300 നു മുകളിൽ തുടരുന്നിടത്തോളം സമാഹരണം ഉടരുമെന്നാണു സാങ്കേതിക വിശകലനക്കാരുടെ നിഗമനം. അതിനു താഴെപ്പോയാൽ വിപണി ദുർബല മേഖലയിലാകും. 22,410ലും 22,300ലും നിഫ്റ്റിക്കു പിന്തുണ ഉണ്ട്. 22,460 ഉം 22,590ഉം തടസങ്ങൾ ആകാം.

പ്രോജക്റ്റ് ഫിനാൻസിംഗിന് ആർ.ബി.ഐ പ്രഹരം

പ്രോജക്റ്റ് ഫിനാൻസിംഗിൻ്റെ ധനകാര്യ വകയിരുത്തൽ സംബന്ധിച്ചു റിസർവ് ബാങ്ക് പുറപ്പെടുവിച്ച കരടു മാർഗരേഖയാണ് പൊതുമേഖലാ ബാങ്കുകളുടെയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ ഇന്നലെ ഇടിയാൻ കാരണം. നിർമാണ ഘട്ടത്തിൽ വേണ്ട വകയിരുത്തൽ 0.4 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനം ആക്കുന്നതാണു കരടുരേഖ. നിലവിലുളള വായ്പകൾക്കും ഇതു ബാധകമാകുമത്രെ.

പവർ ഫിനാൻസ് കോർപറേഷൻ (പി.എഫ്.സി), ആർ.ഇ.സി, ഐ.ആർ.ഇ.ഡി.എ തുടങ്ങിയവയുടെ ലാഭത്തെ മാർഗരേഖ ബാധിക്കുകയില്ലെങ്കിലും മൂലധന പര്യാപ്തതയെ കരടുരേഖ ബാധിക്കും എന്നാണു വിലയിരുത്തൽ. കൂടുതൽ വായ്പ നൽകാൻ നിരന്തരമായി മൂലധനം കൂട്ടേണ്ട സാഹചര്യവും ഇതു മൂലം ഉണ്ടാകാം. പിഎഫ്സി ഓഹരി 12 ഉം ആർഇസി 11 ഉം ഐ.ആർ.ഇ.ഡി.എ ഏഴും ശതമാനം താഴ്ന്നു.

പ്രോജക്ട് ഫിനാൻസിംഗിൽ ഉള്ള പൊതുമേഖലാ ബാങ്കുകൾക്കും മാർഗരേഖ അധിക ബാധ്യത വരുത്തും. എസ്ബിഐ ഓഹരി മൂന്നു ശതമാനം താഴ്ന്നു. കനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ ആറു ശതമാനം വരെ ഇടിഞ്ഞു.

താപ വൈദ്യുതനിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ, വൈദ്യുതീകരണം, നവ ഊർജ സ്രാേതസുകൾ തുടങ്ങിയവയ്ക്കു തിരിച്ചടിയാകും പുതിയ നിബന്ധനകൾ. വായ്പകൾക്കു പലിശ കൂടുകയും നിബന്ധനകൾ കർക്കശമാകുകയും ചെയ്യും.

സ്വർണം കയറ്റത്തിൽ

സ്വർണം തിരിച്ചുകയറ്റത്തിലാണ്. ഔൺസിന് 2307-2332 ഡോളർ മേഖലയിൽ കയറിയിറങ്ങിയ ശേഷം ഇന്നലെ 2324.10 ൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 2330 ഡോളറിലേക്കു കയറിയിട്ട് അൽപം താഴ്ന്നു.കേരളത്തിൽ ഇന്നലെ സ്വർണം പവന് 160 രൂപ ഉയർന്ന് 52,840 രൂപയായി. ഇന്നും വില ഗണ്യമായി കൂടും.

രൂപ തിങ്കളാഴ്ച ദുർബലമായി. ഡോളർ എഴു പൈസ നേട്ടത്തോടെ 83.49 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ ഇന്നും കയറ്റം തുടരാം. ഡോളർ സൂചിക തിങ്കളാഴ്ച ചാഞ്ചാടിയിട്ടു 105.05ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.17ലേക്കു കയറി. ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ചയിലാണ്. ബിറ്റ് കോയിൻ 63,200 നുതാഴെയായി. ഈഥർ രണ്ടര ശതമാനം താണ് 3065ൽ എത്തി.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. തിങ്കളാഴ്ച ബ്രെൻ്റ്  ക്രൂഡ് അര ശതമാനം കയറി 83.33 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ്  83.69 ഡോളർ ആയി. ഡബ്ള്യു.ടി.ഐ ഇനം 78.91ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 83.72 ലുമാണ്.

വിപണിസൂചനകൾ (2024 മേയ് 06, തിങ്കൾ)

സെൻസെക്സ്30 73,895.54 +0.02%

നിഫ്റ്റി50 22,442.70 -0.15%

ബാങ്ക് നിഫ്റ്റി 48,895.30 -0.06%

മിഡ് ക്യാപ് 100 50,662.20 -0.54%

സ്മോൾ ക്യാപ് 100 16,683.15 -1.50%

ഡൗ ജോൺസ് 30 38,852.30 +0.46%

എസ് ആൻഡ് പി 500 5180.74 +1.03%

നാസ്ഡാക് 16,349.20 +1.19%

ഡോളർ($) ₹83.49 +₹0.07

ഡോളർ സൂചിക 105.05 +0.02

സ്വർണം (ഔൺസ്) $2324.10 +$21.90

സ്വർണം (പവൻ) ₹52,840 +₹160

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $83.33 +$0.36

Tags:    

Similar News