ഓഹരി നേട്ടത്തിലേക്കു കയറിയെങ്കിലും കുരുക്ക് അഴിയാതെ അദാനി; വിദേശ വായ്പക്ക് ബുദ്ധിമുട്ടും, പ്രധാന പദ്ധതികള്‍ക്ക് പ്രതിസന്ധി

അദാനി ഗ്രൂപ്പിന് അനിശ്ചിതാവസ്ഥയുണ്ടാക്കി യു.എസ് കേസ്; വിദേശ ഏജന്‍സികളുടെ നിലപാട് നിര്‍ണായകം

Update:2024-11-22 13:51 IST

image credit : Adani Group , canva

യു.എസില്‍ നിന്നുള്ള വാര്‍ത്തകള്‍ മാരക പരിക്കേല്‍പിച്ച അദാനി ഓഹരികള്‍ വെള്ളിയാഴ്ച വീഴ്ചയുടെ പടുകുഴിയില്‍ നിന്ന് തട്ടിക്കുടഞ്ഞ് എഴുന്നേറ്റു. ഒറ്റ ദിവസത്തെ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് തിരിച്ചു കയറി. എന്നു കരുതി അദാനി ഗ്രൂപ്പിന് മുന്നില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല; നിരവധി കുരുക്കുകള്‍. 2,000 കോടി രൂപയുടെ അഴിമതിക്കേസില്‍ അദാനി ഗ്രൂപ്പിനെതിരെ യു.എസ് കോടതി കേസെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം കമ്പനികളുടെ ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ചയും ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത് നേരിയ നഷ്ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് കയറുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടര്‍ ഗ്യാസ് തുടങ്ങിയ ഏതാണ്ടെല്ലാ അദാനി കമ്പനികളും അഞ്ച് ശതമാനം വരെ ലാഭത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

അദാനി കമ്പനികളുടെ ഇന്നത്തെ പ്രകടനം

 

വിദേശ നിക്ഷേപകര്‍ മടിക്കും

ഇന്ത്യയില്‍ കൈക്കൂലി നല്‍കിയത് മറച്ചുവച്ച് ഫണ്ട് സമാഹരണം നടത്തിയെന്ന ആരോപണത്തില്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍(എസ്.ഇ.സി) കേസെടുത്തത് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആഗോള വിപണിയില്‍ നിന്ന് ഫണ്ട് സമാഹരണം നടത്തുന്നത് അദാനി ഗ്രൂപ്പിന് ഇനി എളുപ്പമാകില്ല. കേസെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കയില്‍ കടപ്പത്രങ്ങളിറക്കി ഏകദേശം 5,000 കോടിയോളം രൂപ സമാഹരിക്കാനുള്ള തീരുമാനം അദാനി ഗ്രൂപ്പ് നിറുത്തിവച്ചിരുന്നു.

പ്രധാന പ്രോജക്ടുകളെ ബാധിക്കുമെന്ന് ആശങ്ക

വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ മടിക്കുന്നതോടെ രാജ്യത്തും പുറത്തുമുള്ള അദാനിയുടെ പ്രധാന പദ്ധതികളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തീരുമാനമുണ്ടാകുന്നത് വരെ അദാനി ഗ്രൂപ്പിന് ഫണ്ട് നല്‍കുന്നതില്‍ നിന്നും വിദേശ ഏജന്‍സികള്‍ മാറിനില്‍ക്കാനാണ് സാധ്യത. എന്നാല്‍ പണസമാഹരണത്തിന് അദാനിയുടെ മുന്നില്‍ ഇനിയും വഴികളുണ്ട്. എന്നാല്‍ പൊതുവിപണിയില്‍ നിന്നും ഉടന്‍ പണം ലഭിക്കാനുള്ള സാധ്യത കുറവാണ്.

പ്രതിസന്ധിയിലാകില്ല

അതേസമയം, ഉടന്‍ അടച്ചു തീര്‍ക്കേണ്ട വായ്പകളൊന്നും അദാനി ഗ്രൂപ്പിന് ഇല്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാകില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ഒരു ബിസിനസ് പ്രതിസന്ധിയില്‍ ആയാല്‍ മറ്റൊന്ന് വച്ച് പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇപ്പോഴും അദാനി ഗ്രൂപ്പിനുണ്ട്. ഉദാഹരണത്തിന് വിപണി മൂല്യത്തേക്കാള്‍ ഇരട്ടിയോളമാണ് നിലവില്‍ അദാനി പോര്‍ടിന്റെ വായ്പ. എന്നാല്‍ അദാനി സിമന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അതിനാല്‍ തന്നെ കുറച്ചുകാലം കൂടി പ്രതിസന്ധിയിലാകാതെ മുന്നോട്ടു പോകാന്‍ അദാനി ഗ്രൂപ്പിന് കഴിയുമെന്നാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെനിയയിലെ പദ്ധതി പൊളിഞ്ഞു

അതിനിടെ, അദാനി ഗ്രൂപ്പിന്റെ വിദേശ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കെനിയ സുപ്രധാന കരാറുകളില്‍ നിന്നും പിന്മാറി. 736 മില്യന്‍ ഡോളറിന്റെ (ഏകദേശം 6200 കോടി രൂപ) ഊര്‍ജ, വിമാനത്താവള പദ്ധതികളാണ് അദാനിക്ക് നഷ്ടമായത്. കെനിയന്‍ ഇലക്ട്രിക്കല്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുമായി അദാനി എനര്‍ജിയുമായി 30 വര്‍ഷത്തേക്കുണ്ടാക്കിയ കരാറാണ് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ റദ്ദാക്കിയത്. രാജ്യത്തെ പ്രധാന വിമാനത്താവളം വികസനത്തിന്റെ ഭാഗമായി അദാനിക്ക് കൈമാറാനുള്ള തീരുമാനവും കെനിയ റദ്ദാക്കിയിട്ടുണ്ട്.

റേറ്റിംഗ് കുറച്ചു

അദാനി ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് കമ്പനികളുടെ റേറ്റിംഗ് ആഗോള ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ കുറച്ചു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടര്‍ ഗ്യാസ് എന്നീ കമ്പനികളുടെ റേറ്റിംഗ് 'സ്ഥിരതയുള്ളത് '(Stable) എന്നതില്‍ നിന്നും 'നെഗറ്റീവ്' ആക്കിയാണ് കുറച്ചത്. അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിലും സാമ്പത്തിക ഭദ്രതയിലും ആശങ്കകള്‍ ശക്തമായതോടെയാണ് റേറ്റിംഗ് കുറച്ചതെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റ് കമ്പനികളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും അന്വേഷണം നടക്കാന്‍ സാധ്യതയുണ്ട്. 11 അദാനി കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞതും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.

അദാനിക്ക് മുന്നില്‍ ഇനിയെന്ത്?

അഴിമതി ആരോപണം ദീര്‍ഘകാല അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. താത്കാലികമായി പ്രതിസന്ധിയില്‍ ചെറിയ അയവു വരാമെങ്കിലും വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് തടസം നേരിടുമെന്നാണ് എസ്.കെ.ഐ ക്യാപിറ്റലിന്റെ വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അദാനി കമ്പനികള്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തന രീതികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടെത്തലുകളെല്ലാം തെറ്റാണെന്നും ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്തുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ഇന്നലത്തെ പ്രതികരണം.

വെല്ലുവിളികള്‍

- യു.എസ് കോടതി നടപടികള്‍ നിസാരമായല്ല വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ കാണുന്നത്. നിയമ നടപടി പൂര്‍ത്തിയാകുന്നത് വരെ ഇവർ ഫണ്ടിംഗ് നിറുത്തിവെക്കുമെന്നാണ് വിവരം.
- അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്ന പ്രചാരണം ആഭ്യന്തര നിക്ഷേപകരിലും ആശങ്കയുണ്ടാക്കും. ഇതിനെ മറികടന്ന് വിശ്വാസ്യത വീണ്ടെടുക്കലാകും അദാനി ഗ്രൂപ്പിന് മുന്നിലെ പ്രധാന വെല്ലുവിളി.
- അദാനിക്കെതിരെ ഇന്ത്യയിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷം ആക്രമണം ശക്തമാക്കുമെന്ന് ഉറപ്പാണ്. ഇത് കേന്ദ്രസര്‍ക്കാരിനും തലവേദനയാകും.
- ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ(സെബി) പ്രവര്‍ത്തനത്തെയും സംശയ നിഴലിലാക്കുന്നതാണ് ഇപ്പോഴത്തെ ആരോപണം. സെബി അധ്യക്ഷ മാധബി ബുച്ചിന് അദാനി കമ്പനികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവങ്ങള്‍. സെബിയുടെ തലപ്പത്ത് മാറ്റം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

യു.എസിലെ കേസ് നിസാരമല്ല

അതേസമയം, യു.എസില്‍ അദാനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാവുന്നതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സ്ഥിതിക്ക് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടേക്കാം. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നത് ഏതെങ്കിലും രാഷ്ട്രീയ, മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമോ എന്ന് ഇന്ത്യന്‍ കോടതികളാണ് തീരുമാനിക്കേണ്ടത്. അദാനി യു.എസ് കോടതിയില്‍ ഹാജരായതിന് ശേഷമേ ജാമ്യ ഹര്‍ജി അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട വിചാരണ ഉടനെ ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ കേസ് നടപടികള്‍ നീളാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവും വലിയ പിഴയും ചുമത്താവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Tags:    

Similar News