കൈപൊള്ളിച്ച് റിസര്‍വ് ബാങ്കിന്റെ ചട്ടം; ബാങ്കിംഗ്-ധനകാര്യ ഓഹരികള്‍ ചോരപ്പുഴ, തിരിച്ചുകയറി ഗോദ്‌റെജും കൊട്ടക് ബാങ്കും

മാര്‍ച്ചുപാദ ഫലത്തിന് പിന്നാലെ ടൈറ്റന്‍ കൂപ്പുകുത്തി, ഉണര്‍വില്ലാതെ കേരള ഓഹരികളും

Update: 2024-05-06 12:29 GMT
കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നിര്‍ജീവ പ്രകടനത്തോടെ. സെന്‍സെക്‌സ് 17.39 പോയിന്റ് (+0.02%) മാത്രം മെച്ചപ്പെടുത്തി 73,895.54ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റിയുള്ളത് 33.15 പോയിന്റ് (-0.15%) താഴ്ന്ന് 22,442.70ലാണ്.
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശം ബാങ്കിംഗ്, ധനകാര്യ കമ്പനികളുടെ ഓഹരികളില്‍ കനത്ത വില്‍പനസമ്മര്‍ദ്ദം സൃഷ്ടിച്ചതാണ് ഇന്ന് ഓഹരി സൂചികകളെ പ്രധാനമായും തളര്‍ത്തിയത്.
വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ അനുവദിക്കുമ്പോള്‍ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പായി (പ്രൊവിഷന്‍സ്) മിനിമം 5 ശതമാനം തുക വകയിരുത്തണമെന്നാണ് നിര്‍ദേശം. മാത്രമല്ല, നല്‍കുന്ന വായ്പ 1,500 കോടി രൂപ വരെയാണെങ്കില്‍ ബാങ്കോ ധനകാര്യസ്ഥാപനമോ അതില്‍ 10 ശതമാനത്തില്‍ കുറയാത്ത പങ്കുവഹിക്കണമെന്നും നിര്‍ദേശമുണ്ട്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

ഇത് ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ പ്രൊവിഷനിംഗ് ബാധ്യത ഉയര്‍ത്തുമെന്നും മൂലധന പര്യാപ്തതാ അനുപാതം പാലിക്കുന്നത് പ്രയാസമാകുമെന്നും വിലയിരുത്തപ്പെടുന്നു. തുടര്‍ന്നാണ് ഇന്ന് ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദം കനത്തത്.
നിരാശപ്പെടുത്തിയവര്‍
പൊതുമേഖലാ ബാങ്കുകള്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (PFC), ആര്‍.ഇ.സി തുടങ്ങിയവ ഇന്ന് നഷ്ടത്തില്‍ മുങ്ങി. പി.എഫ്.സി ഇടിഞ്ഞത് 9 ശതമാനത്തോളം; ആര്‍.ഇ.സി 7 ശതമാനം ഇടിഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്.ബി.ഐ., കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, യൂകോ ബാങ്ക് തുടങ്ങിയവയും ഇന്ന് 5 ശതമാനം വരെ താഴേക്കുപോയി.
ഇന്ന് കൂടുതൽ നിരാശപ്പെടുത്തിയവർ 

 

വിശാല വിപണിയില്‍ നിഫ്റ്റി പി.എസ്.യു സൂചിക ഇന്ന് 3.66 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ധനകാര്യ സേവന സൂചിക 0.25 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 0.06 ശതമാനവും നഷ്ടത്തിലേറി.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആര്‍.ഇ.സി., ടൈറ്റന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍. മാര്‍ച്ചുപാദത്തില്‍ പ്രതീക്ഷകള്‍ തകര്‍ത്ത് മോശം പ്രവര്‍ത്തനഫലം കാഴ്ചവച്ചതാണ് ടൈറ്റന്‍ ഓഹരിയെ ഇന്ന് 7 ശതമാനത്തിലധികം വീഴ്ത്തിയത്.
എസ്.ബി.ഐ., എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
നേട്ടമുണ്ടാക്കിയവര്‍
കൊട്ടക് ബാങ്ക്, ടി.സി.എസ്., എച്ച്.യു.എല്‍., സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലമാണ് കൊട്ടക് ബാങ്കോഹരികളെ ഇന്ന് തുണച്ചത്. ലാഭം 18 ശതമാനവും അറ്റ പലിശ വരുമാനം 13 ശതമാനവുമാണ് ഉയര്‍ന്നത്. ഓഹരിക്ക് രണ്ടുരൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ബ്രോക്കറേജുകള്‍ മികച്ച സ്റ്റാറ്റസ് നല്‍കിയതും നേട്ടമായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 10.48 ശതമാനം ഉയര്‍ന്ന് നിഫ്റ്റി200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. ബ്രിട്ടാനിയ, സുപ്രീം ഇന്‍ഡസ്ട്രീസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, കൊട്ടക് ബാങ്ക് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
ബിസിനസ് വിഭജനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ താഴെപ്പോയ ഗോദ്‌റെജ് ഓഹരി മികച്ച നാലാംപാദ ഫലത്തിന്റെ കരുത്തില്‍ ഇന്ന് കരകയറി. ബ്രോക്കറേജുകള്‍ ലക്ഷ്യവില കൂട്ടിയതും നേട്ടമായി. കഴിഞ്ഞപാദത്തില്‍ ലാഭം കുറഞ്ഞെങ്കിലും വിപണിവിഹിതം മെച്ചപ്പെടുന്ന ബലത്തിലാണ് ഇന്ന് ബ്രിട്ടാനിയ ഓഹരി ഉയര്‍ന്നത്.
വിപണിയുടെ ട്രെന്‍ഡ്
എന്‍.എസ്.ഇയില്‍ ഇന്ന് 27 ഓഹരികള്‍ നഷ്ടത്തിലും 23 എണ്ണം നേട്ടത്തിലുമായിരുന്നു. ബ്രിട്ടാനിയ നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ടൈറ്റനാണ് നഷ്ടത്തില്‍ ഒന്നാമത്.
ബി.എസ്.ഇയില്‍ ഇന്ന് 1,207 ഓഹരികളേ നേട്ടത്തിലേറിയുള്ളൂ. 2,726 എണ്ണം തളര്‍ന്നു. 160 ഓഹരികളുടെ വിലമാറിയില്ല. 242 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 26 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ട് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ 4 ഓഹരികളുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 406.24 ലക്ഷം കോടി രൂപയില്‍ നിന്ന് 2.85 ലക്ഷം കോടി രൂപ ഇടിഞ്ഞ് 403.39 ലക്ഷം കോടി രൂപയിലുമെത്തി.
വിശാല വിപണിയില്‍ നിഫ്റ്റി റിയല്‍റ്റി ഇന്ന് 2.76 ശതമാനവും ഐ.ടി 0.94 ശതനമാനവും എഫ്.എം.സി.ജി 0.71 ശതമാനവും ഉയര്‍ന്നതൊഴിച്ചാല്‍ മറ്റുള്ളവ നിരാശപ്പെടുത്തി.
ഊര്‍ജമില്ലാതെ കേരള ഓഹരികളും
വിരലിലെണ്ണാവുന്ന കേരള ഓഹരികള്‍ മാത്രമേ ഇന്ന് നേട്ടത്തിലേറിയുള്ളൂ. 4.90 ശതമാനം ഉയര്‍ന്ന വെര്‍ട്ടെക്‌സ് ആണ് മുന്നില്‍. പ്രൈമ ഇന്‍ഡസ്ട്രീസ് 4.38 ശതമാനവും ഡബ്ല്യു.ഐ.പി.എല്‍ 3.24 ശതമാനവും ടി.സി.എം 2 രണ്ട് ശതമാനവും സ്റ്റെല്‍ 1.66 ശതമാനവും നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

നഷ്ടത്തില്‍ മുന്നില്‍ കെ.എസ്.ഇയാണ് (-5.52%). അപ്പോളോ ടയേഴ്‌സ് 3.96 ശതമാനം, സി.എസ്.ബി ബാങ്ക് 3.79 ശതമാനം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.62 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. മണപ്പുറം ഫിനാന്‍സ്, ഇസാഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ എന്നിവയും നഷ്ടത്തിലാണുള്ളത്.
Tags:    

Similar News