സ്‌കൂള്‍ സിലബസും പഴകിയ ചിന്തകളും മാറ്റിയാല്‍ കേരളം കുതിച്ചുചാടും: പി ചിദംബരം

Update:2020-10-05 11:28 IST

പരമ്പരാഗത കാഴ്ചപ്പാടുകള്‍പ്പുറം കടന്ന് ചിന്തിക്കാന്‍ സാധിച്ചാല്‍ 2030ഓടെ ഇന്ത്യയിലെ തന്നെ മികച്ച മുന്നേറ്റം പ്രകടമാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാകും കേരളമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. വിവരസാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയിലെ പുതിയ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് കേരളം ഒരു വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ചിദംബരം ചൂണ്ടിക്കാട്ടുന്നു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കേരള വികസനത്തെ സംബന്ധിച്ച് നടത്തിയ വെല്‍ച്വല്‍ സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഉയര്‍ന്ന സാക്ഷരത മൂലം ഇവയെല്ലാം അതിവേഗം സ്വാംശീകരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുകയും ചെയ്യും,'' ചിദംബരം ചൂണ്ടിക്കാട്ടുന്നു.

സ്‌കൂള്‍ സിലബസ് മാറണം

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാന്‍ കേരളം സ്‌കൂള്‍ സിലബസ് പൊളിച്ചെഴുതാന്‍ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളും സിംഗപ്പൂരും എല്ലാം പിന്തുടരുന്ന സിലബസും കരിക്കുലവുമാകണം കേരളം സ്വീകരിക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും പുരോഗതി നേടിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകണം നയരൂപീകരണം നടത്തുന്നവരും ജനങ്ങളും ഊന്നല്‍ നല്‍കേണ്ടത്.

അഡ്വാന്‍സ്ഡ് ഐസിടി എനേബ്ള്‍ഡ് ഇക്കോണമിയാകാന്‍ ഇന്ത്യയിലെ വളരെ കുറച്ച സംസ്ഥാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ സാധ്യത. കേരളത്തിന് പുറമേ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് 2030 ഓടെ വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറി വികസന രംഗത്ത് കുതിച്ചുചാട്ടം നടത്താനാകും.

അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക്, ഫിഷറീസ്, ഫോറസ്ട്രി, പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം എന്നീ രംഗങ്ങളിലും കേരളം കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ചിദംബരം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine 

Similar News