"വ്യവസായ സൗഹൃദ അന്തരീക്ഷം: കേരളത്തെ മോശമാക്കാന്‍ അനുവദിക്കരുത്"

Update:2019-09-01 20:49 IST

''കേരളം സംരംഭങ്ങള്‍ക്ക് പറ്റിയ സ്ഥലമാണെന്ന പ്രതിച്ഛായ എല്ലാവരും ഏറെ പണിപ്പെട്ടാണ് നേടിയെടുത്തത്. അത് നഷ്ടമാക്കാന്‍ ഇടവരരുത്തരുത്'' കൊച്ചിയില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സംരംഭകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) മുന്‍ ഭാരവാഹിയുമായ നവാസ് മീരാന്റെ അഭ്യര്‍ത്ഥന ഇതായിരുന്നു. ''കേരളത്തില്‍ സംരംഭം നടത്തുന്നവര്‍ക്ക് വേണ്ട ലീഗലായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അഭിപ്രായ ഭിന്നതകളുണ്ടെങ്കില്‍ അവ രമ്യമായി പരിഹരിച്ച് മോശം വാര്‍ത്തകള്‍ പുറമേയ്ക്ക് അധികം പരത്താതെ നോക്കാന്‍ ശ്രദ്ധിക്കണം", കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില സംഭവ വികാസങ്ങളെ പേരെടുത്ത് പരാമര്‍ശിക്കാതെ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു നവാസ് മീരാന്‍. മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ, ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന അഭിപ്രായവും മന്ത്രി പങ്കുവെച്ചിരുന്നു.

മറ്റൊരു പരിപാടിയില്‍ സംബന്ധിക്കാന്‍ മന്ത്രി ഇ പി ജയരാജന്‍ പോയെങ്കിലുംവ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐ എ എസ് സംരംഭകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.

സിഡ്‌കോ, കിന്‍ഫ്ര തുടങ്ങിയവയുടെ കീഴിലെ വ്യവസായ പാര്‍ക്കിലെ ഭൂമി കൈമാറ്റവും അതുമായി ബന്ധപ്പെട്ട തീരാപ്രശ്‌നങ്ങളുമാണ് സംരംഭകര്‍കൂടുതലായി ഉന്നയിച്ചത്. അക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന് ഡോ. ഇളങ്കോവന്‍ ഐ എ എസ് അറിയിച്ചു. സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളോട് അനുകൂല മനോഭാവവും സഹാനഭൂതിയും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും മനോഭാവം മാറ്റിയിട്ടില്ലെന്ന് സംരംഭകര്‍ ഒറ്റക്കെട്ടായി പറഞ്ഞു. ഇ ഗവേണന്‍സ് സംവിധാനം മറ്റും വരുമ്പോള്‍ സംരംഭകര്‍ക്ക് മതിയായ സഹായം നല്‍കാനും അവര്‍ക്ക് മാര്‍ഗ നിര്‍ദേശമേകാനുമായി ജില്ലാ കളക്റ്റര്‍മാര്‍ക്ക് ചുമതല നല്‍കണമെന്ന് നവാസ് മീരാന്‍ ആവശ്യപ്പെട്ടു. ''പഞ്ചായത്ത് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. ഇക്കാര്യത്തിനായിഅവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനായി മികച്ച പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ ആദരിക്കണം,'' നവാസ് മീരാന്‍ നിര്‍ദേശിച്ചു.

കളക്റ്റര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡോ. ഇളങ്കോവന്‍ പറഞ്ഞു. കൂടാതെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടിയേകാന്‍ ഒരു കോള്‍ സെന്റര്‍ ആരംഭിക്കാന്‍ നീക്കമുണ്ടെന്നും വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലുള്ളവര്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യവസായം തുടങ്ങാന്‍ എന്തെല്ലാം അനുമതികള്‍ വേണം. അവ എവിടെ ലഭിക്കും. അതിനായി എന്തു ചെയ്യണം? ഇതൊന്നും കേരളത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് കെ എസ് എസ്ഐ എ സംസ്ഥാന ഭാരവാഹിയായ ഖാലിദ് ചൂണ്ടിക്കാട്ടി. ''അനുമതികള്‍ എല്ലാം എടുത്ത് വ്യവസായം തുടങ്ങിയാല്‍ പോലും ഇവിടെ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണ്. അതിനിടെ അനുമതില്ലാതെ തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ അവനേടിയാല്‍ മതിയെന്നതൊക്കെ ഇവിടെ നടപ്പാക്കുമോ? '' ഖാലിദ് ചോദിച്ചു. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഓണ്‍ ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിലേക്ക്കൂടുതല്‍ വകുപ്പുകളെ ചേര്‍ത്ത് പരിഷ്‌കരിക്കുമെന്നും ഡോ. ഇളങ്കോവന്‍ അറിയിച്ചു.

കെ സ്വിറ്റിനെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ചേതന ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒ ദാമോദര്‍ അവണ്ണൂരും ചൂണ്ടിക്കാട്ടി. വ്യവസായ സംഘടനകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഏകജാലക സംവിധാനം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കാമെന്ന് ഡോ. ഇളങ്കോവന്‍ അറിയിച്ചു.

ഇന്‍ഫോപാര്‍ക്ക്, സ്‌പെഷന്‍ ഇക്കണോമിക് സോണ്‍, കളക്റ്ററേറ്റ് തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്ന കാക്കനാട്ടേക്ക് എറണാകുളം നഗരത്തില്‍നിന്ന് എത്തിപ്പെടാനും പ്രത്യേക വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളുമാണ് അവയെ പ്രതിനീധികരിച്ച് സംസാരിച്ച നെസ്റ്റിന്റെ പ്രതിനിധി കൂടിയായ ഷംസുദ്ദീന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്മതിയായ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ എസ് എസ് ഐ എഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Full View

Similar News