താങ്ങുവില കൂട്ടിയത് വെറും 10 രൂപ! കേന്ദ്രത്തിന് പിന്നാലെ റബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി കേരളവും
കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്ന് ബജറ്റില്‍ അഭിമാനംകൊണ്ട ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പക്ഷേ, വിലസ്ഥിരതാ ഫണ്ടിലെ താങ്ങുവില കൂട്ടിയത് വെറും 10 രൂപ. നിലവില്‍ കിലോയ്ക്ക് 170 രൂപ എന്നുള്ളത് 180 രൂപയായാണ് വര്‍ധിപ്പിച്ചത്.
കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെയെങ്കിലും താങ്ങുവില വേണമെന്നാണ് കര്‍ഷകരുടെ ഏറെക്കാലമായുള്ള ആവശ്യം. കര്‍ഷകര്‍ക്ക് പുറമേ രാഷ്ട്രീയ പാര്‍ട്ടികളായ കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ജെ, കോണ്‍ഗ്രസ് എന്നിവയും വിവിധ ക്രൈസ്തവ സഭകളും ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഏറെക്കാലമായി ആവശ്യപ്പെടുന്നുമുണ്ട്.
താങ്ങുവില ഈ ബജറ്റില്‍ 200 രൂപയെങ്കിലും ആക്കുമെന്ന് പരക്കേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ മദ്ധ്യകേരളത്തിലെ, പ്രത്യേകിച്ച് കോട്ടയത്തെ സുപ്രധാന വോട്ട് വിഷയം കൂടിയാണ് റബര്‍. ഈ പശ്ചാത്തലത്തിലും റബര്‍ കര്‍ഷകരെ കാര്യമായി പരിഗണിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. അതേസമയം, താങ്ങുവില 250 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും കിട്ടിയില്ലെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
എന്താണ് വിലസ്ഥിരതാ ഫണ്ട്?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റബര്‍ വിലയിടിവിനാല്‍ നട്ടംതിരിയുകയാണ് കേരളത്തിലെ കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വിലസ്ഥിരതാ ഫണ്ട്.
കിലോയ്ക്ക് 150 രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. അതായത്, റബറിന്റെ വിപണിവിലയും താങ്ങുവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. പിണറായി സര്‍ക്കാര്‍ ഇത് 170 രൂപയായി ഉയര്‍ത്തി. 250 രൂപയാക്കുമെന്നായിരുന്നു പക്ഷേ വാഗ്ദാനം.
നിലവില്‍ റബറിന് 165 രൂപയാണ് വില. ഫലത്തില്‍ ഇപ്പോള്‍ 5 രൂപയേ സബ്‌സിഡി കൊടുക്കേണ്ടതുള്ളൂ. എന്നിരുന്നാലും, ഒട്ടുമിക്ക കര്‍ഷകര്‍ക്കും സബ്‌സിഡി കിട്ടുന്നില്ലെന്ന പരാതികളുമുണ്ട്. 9.5 ലക്ഷത്തോളം റബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്. 2024ലെ സംസ്ഥാന സാമ്പത്തിക സർവേ പ്രകാരം 5.50 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ റബര്‍ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉത്പാദനം.