ഓണ്‍ലൈന്‍ മദ്യവില്‍പ്പന; ആപ്പ് തയ്യാറാക്കാമെന്ന് 30 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍

Update: 2020-05-13 06:14 GMT

കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ബെവ്കോയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ശ്രമം പുരോഗമിക്കുന്നു. പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ആപ്പ് തയ്യാറാക്കുന്നതിന് മുപ്പതോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്തൊട്ടാകെയുള്ള ഔ ട്ട്ലെറ്റുകളില്‍ തിരക്ക് കൂടാതിരിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്.ഇത് ടോക്കണ്‍ രീതിയിലോ വിര്‍ച്വല്‍ ക്യൂ മാതൃകയിലോ ആയിരിക്കും നടപ്പാക്കുക. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം നല്‍കാന്‍ കഴിയുന്ന കമ്പനികളെ കണ്ടെത്താനാണ് ബെവ്‌കോ മേധാവി സ്പാര്‍ജന്‍ കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം തേടിയത്്.

മുഴുവന്‍ ബീവറേജസ് ഔട്ട്ലെറ്റുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ പിന്‍കോര്‍ഡ് പ്രകാരം ഉള്‍പ്പെടുത്തും. ഒരു തവണ മദ്യം ബുക്ക് ചെയ്യുന്ന ആളിന് പിന്നീട് അഞ്ച് ദിവസം വരെ ബുക്ക് ചെയ്യാനാകില്ല.അവര്‍ക്ക് നിശ്ചിത സമയത്ത് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട്ഫോണുകളില്‍ ലഭിച്ച ടോക്കണിന്റെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മദ്യം വാങ്ങാം.

സംസ്ഥാനത്തൊട്ടാകെ 267 ബെവ്‌കോ ഔട്ട്ലെറ്റുകളാണുള്ളത്. ഇവയില്‍ സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ 7 ലക്ഷം ഉപഭോക്താക്കളെത്തിയിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം വരെയും.ലോക്ഡൗണ്‍ വന്ന് അടച്ചിടുന്നതുവരെ പ്രതിദിനം ശരാശരി 40 കോടി രൂപയായിരുന്നു കോര്‍പ്പറേഷന്റെ വരുമാനം.ബെവ്‌കോയില്‍ നിന്നുള്ള വരുമാനം നിലച്ചത് സംസ്ഥാന ഖജനാവ് നേരിടുന്ന വരുമാനക്കുറവിന് ആക്കം കൂട്ടി.

മദ്യത്തില്‍ നിന്നും ബിയറില്‍ നിന്നുമുള്ള വരുമാനം കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പണ സ്രോതസാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് മൊത്തം 14,504.67 കോടി രൂപയായിരുന്നു. അതിനാല്‍ ബെവ്‌കോയിലേക്കുള്ള ഐ.ടി യുടെ കടന്നുവരവ് സംസ്ഥാന  ധനകാര്യത്തിന് വലിയ ആശ്വാസമാകും.ദീര്‍ഘ നേരം ക്യൂവില്‍ നിന്ന് മദ്യം വാങ്ങി എന്തെങ്കിലും 'ടച്ചിംഗ്‌സു'മായി വൃത്തിഹീനമായ സാഹചര്യത്തില്‍ മദ്യം കഴിക്കുന്ന പ്രവണതയ്ക്ക് വലിയ മാറ്റം വരാനും ഇതിടയാക്കുമെന്നാണ് നിരീക്ഷണം.മദ്യനിരോധനം അപ്രായോഗികമായിരിക്കേ മാന്യമായും ആരോഗ്യത്തിനു പരമാവധി ഹാനികരമാകാതെയുമുള്ള മദ്യപാനത്തിനുള്ള അവസരം ബെവ്‌കോ ഒരുക്കുന്നതിനെ വിമര്‍ശിച്ചിട്ടു കാര്യമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കേരളത്തിലെ  3.34 കോടി ജനസംഖ്യയില്‍ 32.9 ലക്ഷം പേര്‍ മദ്യം കഴിക്കുമെന്ന കണക്കുണ്ട്. ഇതില്‍ 3.1 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷം പേര്‍ ദിവസേന മദ്യം ഉപയോഗിക്കുന്നുണ്ടത്രേ. 1043 സ്ത്രീകളടക്കം 83,851 പേര്‍ മദ്യത്തിന് അടിമകളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇപ്പോള്‍ തന്നെ ഗുരുതര പ്രതിസന്ധിയിലായ സംസ്ഥാനത്തെ മദ്യ ബിസിനസ് മേഖലയെ തകര്‍ക്കാന്‍ വഴിതെളിക്കും ഓണ്‍ലൈന്‍ സംവിധാനമെന്ന് ബാര്‍ ഉടമകള്‍ പറയുന്നു. ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ക്യൂ നിന്നു മദ്യം വാങ്ങാന്‍ മടിയുള്ള 'ടെക്കികള്‍' ഉള്‍പ്പെടെ നല്ലൊരു വിഭാഗം പേര്‍ ബാറുകളെയാണ് ആശ്രയിച്ചിരുന്നത്. ഓണ്‍ലൈന്‍ സൗകര്യം വരുന്നതോടെ സ്വാഭാവികമായും ഇവര്‍ ആ മാര്‍ഗം അവലംബിക്കും.ബാറുകളെ ഉപേക്ഷിച്ച് താമസ സ്ഥലത്തിരുന്നു കുടിക്കും. ബിയര്‍, വൈന്‍ പാര്‍ലര്‍ ഉടമകളും പുതിയ നീക്കത്തില്‍ ഉത്ക്കണ്ഠ പങ്കുവയ്ക്കുന്നു.ഇ - കോമേഴ്‌സ് കമ്പനികള്‍ വഴി മദ്യത്തിന്റെ ഹോം ഡെലിവറി കൂടി തുടങ്ങുമോയെന്ന ഭയവും അവര്‍ക്കുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News