ഓണം ഉഷാറാകാന്‍ കേന്ദ്രം കനിയണം; കേരളത്തിന് വേണം ₹10,000 കോടി വായ്പ
വിലക്കയറ്റം പിടിച്ചുനിറുത്തണം; ശമ്പളം, പെന്‍ഷന്‍, ബോണസ് വിതരണം ചെയ്യണം - വെല്ലുവിളികള്‍ക്ക് നടുവില്‍ സംസ്ഥാന സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന കേരളത്തിന് ഇക്കുറി ഓണം ഉഷാറാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണം. സംസ്ഥാന ജി.ഡി.പിയുടെ (ജി.എസ്.ഡി.പി) മൂന്ന് ശതമാനം വരെ ഒരുവര്‍ഷം കടമെടുക്കാമെന്നാണ് കേന്ദ്രം മുന്നോട്ടുവച്ചിരുന്ന ചട്ടം.
ഇതുപ്രകാരം ഈ വര്‍ഷം ഡിസംബര്‍ വരെ കേരളത്തിന് എടുക്കാവുന്ന കടം 15,390 കോടി രൂപയാണ്. ഇതില്‍ 12,500 കോടി രൂപ ഇതിനകം എടുത്തു. ഇനി എടുക്കാവുന്നത് വെറും 2,890 കോടി രൂപ മാത്രം.
കഴിഞ്ഞ ഒരാഴ്ചയായി ഓവര്‍ഡ്രാഫ്റ്റിലായ കേരളം ഈമാസം എടുക്കുന്ന കടം തന്നെ 5,500 കോടി രൂപയാണ്.
ഓണത്തിന് വേണം 10,000 കോടി
ഓണച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കേന്ദ്രം കനിയേണ്ട സ്ഥിതിയിലാണ് കേരളം. 10,000 കോടി രൂപയുടെ അനൗദ്യോഗിക വായ്പ (ad hoc loan) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് കത്തെഴുതിക്കഴിഞ്ഞു.
ചട്ടപ്രകാരം എടുക്കാവുന്ന കടത്തിന് പുറമെയെടുക്കുന്നതാണ് ഇത്തരം വായ്പ. ഇത് കേന്ദ്രം അനുവദിക്കണമെന്നില്ല. എന്നാല്‍, കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് അനുമതി ലഭിച്ചേക്കുമെന്നാണ് സംസ്ഥാന ധനവകുപ്പ് കരുതുന്നത്.
വെല്ലുവിളികള്‍ നിരവധി
വിലക്കയറ്റം പിടിച്ചുനിറുത്തുകയെന്ന വലിയ വെല്ലുവിളിയാണ് ഓണത്തിന് മുമ്പ് സര്‍ക്കാരിന് നേരിടാനുള്ളത്. ക്ഷേമപെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍, ഓണം ബോണസ്, ശമ്പള അഡ്വാന്‍സ് തുടങ്ങിയ അനിവാര്യ ചെലവുകള്‍ വേറെ. ശമ്പളത്തിനും പെന്‍ഷനും മാത്രം വേണ്ടത് 7,000 കോടി രൂപയാണ്.
വിലക്കയറ്റം വലയ്ക്കുന്നു
പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിച്ചുകയറുന്നത് ഉപയോക്താക്കളെയും സര്‍ക്കാരിനെയും ഒരുപോലെ വലയ്ക്കുകയാണ്. തക്കാളി, ഉള്ളി, പയര്‍, ഇഞ്ചി തുടങ്ങിയവയ്‌ക്കെല്ലാം തീവില തുടരുന്നു. തക്കാളി വില തന്നെ ഇപ്പോഴും 100-120 രൂപ നിരക്കിലാണ് കിലോയ്ക്ക്.
സപ്ലൈകോ വഴി ഉത്പന്നങ്ങള്‍ വിതരണം ചെയ്യണമെങ്കിലും വന്‍തുക സര്‍ക്കാര്‍ അനുവദിക്കണം. ഓണച്ചന്തകള്‍ തുറക്കാന്‍ തന്നെ 1,500 കോടി രൂപയെങ്കിലും വേണം.
പഴിചാരല്‍ തുടരുന്നു
ഇതിനിടെ കേന്ദ്രവും കേരളവും തമ്മിലെ പഴിചാരല്‍ തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരം കേരളം അറിയിച്ചില്ലെന്ന് ഇന്നലെ കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമനെ നേരത്തേ ബോദ്ധ്യപ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന്റെ ചെലവും വരുമാനവും വിലയിരുത്തി 2021-22 മുതല്‍ 2025-26 വരെ കാലയളവിലേക്കായി 37,814 കോടി രൂപ ധനക്കമ്മി ഗ്രാന്റായി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് പങ്കജ് ചൗധരി പറഞ്ഞു. ഇതില്‍ 34,648 കോടി രൂപ ഇതിനകം തന്നെ കേരളത്തിന് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയവും കടുംപിടിത്തവുമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. വായ്പാ പരിധി വെട്ടിക്കുറതും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതും റവന്യൂ കമ്മി നികത്താനുള്ള സഹായധനം കുറച്ചതും മൂലം 28,000 കോടി രൂപ കോടി രൂപയുടെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുണ്ടാകുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ച്ച
കേന്ദ്രത്തില്‍ വിവിധ ഇനങ്ങളിലായി കിട്ടാനുള്ള കുടിശിക ഇനിയും വീട്ടിയിട്ടില്ലെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന് പുറമേ കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന വായ്പകളും സര്‍ക്കാരിന്റെ അക്കൗണ്ടിലാണ് കേന്ദ്രം ഉള്‍പ്പെടുത്തുന്നത്. ഇതാണ്, കൂടുതല്‍ വായ്പയെടുക്കാന്‍ കേരളത്തിന് തടസ്സമാകുന്നത്.