സൂക്ഷിക്കുക! ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് ഏറ്റവും സൈബര്‍ ആക്രമണം നടന്നത് കേരളത്തില്‍!

Update: 2020-05-21 11:52 GMT

ലോക്ഡൗണ്‍ സമയത്ത് എല്ലായിടത്തും സൈബര്‍ ആക്രമണങ്ങള്‍ കൂടി. എന്നാല്‍ ഇവ രാജ്യത്ത് ഏറ്റവും കൂടുതല്‍ നടന്നത് നമ്മുടെ കൊച്ചുകേരളത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 2,000ത്തോളം സൈബര്‍ ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. കോറോണ വൈറസിന്റെ വ്യാപനത്തിലുള്ള പരിഭ്രാന്തി ലോകത്തെമ്പാടുമുള്ള സൈബര്‍ ആക്രമികള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.

ഐറ്റി സെക്യൂരിറ്റി സൊലൂഷന്‍സ് ദാതാവായ കെ7 കംപ്യൂട്ടിംഗ് നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്. കേരളത്തില്‍ കോട്ടയത്ത് 462ഉം കണ്ണൂരില്‍ 374ഉം കൊല്ലത്ത് 236ഉം കൊച്ചിയില്‍ 147ഉം വീതം സൈബര്‍ ആക്രമണങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തത്തില്‍ 2,000 സൈബര്‍ ആക്രമണങ്ങളാണുണ്ടായി കേരളം രാജ്യത്ത് ഏറ്റവും മുന്നിലെത്തി. എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ കേരളത്തിന് താഴെയായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബില്‍ 207 സൈബര്‍ ആക്രമണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 184 എണ്ണവും.

ഫെബ്രുവരി 2020 മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള സമയത്ത് സൈബര്‍ ആക്രമണങ്ങളുടെ നിരക്ക് പെട്ടെന്ന് കുതിച്ചുയര്‍ന്നു. കംപ്യൂട്ടറുകളില്‍ നിന്നും മൊബീല്‍ ഫോണുകളില്‍ നിന്നും വ്യക്തികളുടെ രഹസ്യവിവരങ്ങളും ബാങ്കിംഗ് സംബന്ധമായ വിവരങ്ങളും ക്രിപ്‌റ്റോകറന്‍സി എക്കൗണ്ടുകളും ചോര്‍ത്തുകയായിരുന്നു സൈബര്‍ അക്രമികളുടെ ലക്ഷ്യം.

കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതിപ്പെടുത്തുന്നതും എന്ത് ചെയ്യണമെന്നുമുള്ള സന്ദേശങ്ങള്‍ വിദ്യാഭ്യസമുള്ളവരെപ്പോലും ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇവയില്‍ ക്ലിക്ക് ചെയ്യുന്നതിനൊപ്പം മാല്‍വെയറുകളും കൂടിയായിരിക്കും ഉപയോക്താവിന്റെ ഡിവൈസുകളില്‍ ഡൗണ്‍ലോഡ് ആകുന്നത്. ഇതില്‍ ഡാറ്റ ചോര്‍ത്തുന്ന മാല്‍വെയറുകള്‍ മുതല്‍ ട്രോജന്‍, റാന്‍സംവെയര്‍ വരെയുള്ള അപകടകാരികള്‍ വരെയുണ്ട്. ചില കോവിഡ് 19 സംബന്ധമായ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴിയും തട്ടിപ്പ് നടന്നിട്ടുണ്ട്.

മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടിയര്‍2, ടിയര്‍3 നഗരങ്ങളിലാണ് ഫിഷിംഗ് ആക്രമണങ്ങള്‍ കൂടുതലായി ഉണ്ടായത്. സെന്‍സേഷണല്‍ വിവരങ്ങളോട് മലയാളികള്‍ കാണിക്കുന്ന അമിതതാല്‍പ്പര്യമാകാം കേരളത്തില്‍ ഇത്രത്തോളം സൈബര്‍ ആക്രമണങ്ങള്‍ കൂടാന്‍ കാരണമായത്. തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് ഇതിനുള്ള പോംവഴി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News