ട്രഷറിക്ക് വീണ്ടും നിയന്ത്രണപ്പൂട്ട്; പല പദ്ധതികളും ഇഴയുന്നു
എസ്.ഇ ഫണ്ട് കാലതാമസം വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പ് വിതരണത്തെയും ബാധിക്കുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ട്രഷറിക്ക് സര്‍ക്കാര്‍ നിയന്ത്രണപ്പൂട്ടിട്ടതോടെ സംസ്ഥാനത്ത് പല പദ്ധതികളും ഇഴയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പൂര്‍ത്തീകരണം കഴിഞ്ഞ 5 വര്‍ഷത്തെ താഴ്ചയിലാണ്. നടപ്പുവര്‍ഷത്തെ പദ്ധതികളില്‍ ഇതുവരെ 25 ശതമാനം മാത്രം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനേ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇനി അവശേഷിക്കുന്നതാകട്ടെ വെറും 4 മാസവും.
ഇഴയുന്ന പദ്ധതികള്‍
മൊത്തം 7,460.65 കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുവരെ നടന്ന പ്രവൃത്തികള്‍ 1,831.43 കോടി രൂപയുടേത് മാത്രം. ഇനി വെറും 4 മാസം ശേഷിക്കേ 5,362.36 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കേണ്ട സ്ഥിതിയാണുള്ളത്.
ട്രഷറിക്ക് നിയന്ത്രണപ്പൂട്ടിട്ട സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ വരുത്തുന്ന കാലതാമസവും തിരിച്ചടിയാവുകയാണ്. നിലവില്‍ 379 കോടി രൂപ മതിക്കുന്ന 14,000ലധികം ബില്ലുകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നുമുണ്ട്. എസ്.ഇ ഫണ്ടുകളുടെ കാലതാമസം മൂലം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണ പദ്ധതിയും പ്രതിസന്ധിയിലാണ്.