അന്ന് ട്രംപിന് ക്രിപ്‌റ്റോ കറന്‍സി 'കുംഭകോണം', ഇന്ന് കടുത്ത ആരാധന; കുതിച്ചുയര്‍ന്ന് ബിറ്റ്‌കോയിന്‍, കാരണങ്ങളെന്താണ്?
സ്വന്തം കമ്പനി തുടങ്ങി ക്രിപ്‌റ്റോ രംഗത്തേക്ക് ട്രംപ് വന്നപ്പോള്‍ ഞെട്ടിയവര്‍ ഏറെയാണ്, നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താകും?
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മുന്‍തൂക്കം നേടുന്നുവെന്ന വാര്‍ത്തകള്‍ ഊര്‍ജ്ജമാക്കി ക്രിപ്‌റ്റോകറന്‍സികള്‍ കുതിക്കുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിറ്റ്‌കോയിനാണ്. ചരിത്രത്തിലാദ്യമായി ബിറ്റ്‌കോയിന്‍ 75,000 ഡോളറിന് മുകളിലെത്തി. ഈ വര്‍ഷം മാര്‍ച്ച് 14ലെ 73,797.68 ഡോളറാണ് ബിറ്റ്‌കോയിന്‍ മറികടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ക്രിപ്‌റ്റോകറന്‍സികളെ പിന്തുണയ്ക്കുന്ന നിലപാട് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന പ്രതീക്ഷകളാണ് ബിറ്റ്‌കോയിന് തുണയാകുന്നത്. എതിരാളിയായ കമല ഹാരിസ് ക്രിപ്‌റ്റോകറന്‍സികളെ അത്ര പ്രോത്സാഹിപ്പിക്കുന്ന നിലപാടുകാരിയല്ല. കമലയ്ക്ക് ആയിരുന്നു മുന്‍തൂക്കം ലഭിച്ചിരുന്നതെങ്കില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നേനെ. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതു വരെ ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റ് അസ്ഥിരമായി തുടരുമെന്ന സൂചനകളാണ് വിപണി നല്‍കുന്നത്.
ട്രംപിന്റെ നിലപാട് മാറ്റം
വൈറ്റ് ഹൗസിലെ ആദ്യ ടേമില്‍ ക്രിപ്‌റ്റോ കറന്‍സികളെ 'കുംഭകോണം' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ക്രിപ്‌റ്റോയുടെ വളര്‍ച്ച എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തം എന്നാണ് ട്രംപ് 2021ല്‍ വിശേഷിപ്പിച്ചത്. ഡോളറിന്റെ പ്രാധാന്യം ഇടിക്കുമെന്നും നിയന്ത്രണം അനിവാര്യമാണെന്നുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ അടുത്തിടെ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി രംഗത്തേക്ക് ട്രംപ് കുടുംബം കടന്നിരുന്നു.
ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍, എറിക് ട്രംപ് എന്നിവരാണ് ഈ ബിസിനസിന് മേല്‍നോട്ടം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ക്രിപ്‌റ്റോ കറന്‍സികള്‍ വഴിയാക്കി നിലപാടുമാറ്റ സൂചനകള്‍ ആദ്യം തന്നെ ട്രംപ് നല്‍കിയിരുന്നു. സ്വന്തം കുടുംബത്തിന് ബിസിനസ് സാന്നിധ്യമുള്ള മേഖലയ്ക്ക് ദോഷകരമായതൊന്നും ട്രംപ് ചെയ്യില്ലെന്ന വിശ്വാസം തന്നെയാണ് റെക്കോഡ് ഉയരത്തിലേക്ക് ക്രിപ്‌റ്റോ കറന്‍സികളെ നയിക്കുന്നത്. ജൂലൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപിന് വെടിയേറ്റപ്പോഴും ബിറ്റ്‌കോയിന്‍ വില കുതിച്ചുയര്‍ന്നിരുന്നു. വെടിവയ്പ് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ 1,300 ഡോളറോളമാണ് ഉയര്‍ന്നത്.
എന്താണ് ക്രിപ്‌റ്റോകറന്‍സി
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്റ്റോകള്‍ക്കില്ല. അതിനാല്‍, ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതും മറ്റും സുരക്ഷിതമല്ലെന്ന് വാദിക്കുന്നവരുണ്ട്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.