കൃഷ്ണമൂർത്തി സുബ്രമണ്യൻ: ഇന്ത്യയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ പരിചയപ്പെടാം   

Update: 2018-12-07 11:36 GMT

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ സാമ്പത്തിക ഉപദേഷ്ടാവ്. ബാങ്കിംഗ്, സാമ്പത്തിക നയങ്ങൾ കോർപ്പറേറ്റ് ഗവേണൻസ് എന്നിവയിൽ വിദഗ്ധനായ കൃഷ്ണമൂർത്തി സുബ്രമണ്യനെയാണ് ചീഫ് ഇക്കണോമിക് അഡ്വൈസർ ആയി കേന്ദ്ര സർക്കാർ നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം.

ഇന്ത്യയിലെ മുൻനിര ബിസിനസ് സ്കൂളുകളിൽ ഒന്നായ ഇന്ത്യൻ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ (ഐഎസ്‌ബി) പ്രൊഫസറായ കൃഷ്ണമൂർത്തി ഐഐടി കാൺപൂർ, ഐഐഎം കൽക്കട്ട എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

ഐഎസ്‌ബിയിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഇപ്പോൾ.

സെബിയിൽ കോർപ്പറേറ്റ് ഗവേണൻസ് വിദഗ്ധ സമിതിയുടെയും ആർബിഐയിൽ 'ഗവേണൻസ് ഓഫ് ബാങ്ക്സ്' വിദഗ്ധ സമിതിയിലും അംഗമായിരുന്നു. ബന്ധൻ ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നിവയുടെ ബോർഡ് അംഗമാണ്.

രാജ്യത്ത് രൂക്ഷമായ ബാങ്കിംഗ് പ്രതിസന്ധിയുടെ സമയത്താണ് ബാങ്കിംഗ് വിദഗ്ധനായ സാമ്പത്തിക ഉപദേഷ്ടാവിനെ തെരഞ്ഞെടുത്തത് എന്നുള്ളത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യയുമായി ചേർന്ന് 2015 പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒരു പ്രബന്ധം അദ്ദേഹം തയ്യാറാക്കിയിരുന്നു.

ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജി സമര്‍പ്പിച്ചത്.

Similar News