ആടിയുലഞ്ഞ് അമേരിക്ക; കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കയറ്റം, അനങ്ങാതെ വെള്ളിവില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,685 രൂപയിലെത്തി. 160 രൂപ ഉയര്‍ന്ന് 53,480 രൂപയിലാണ് പവന്‍ വ്യാപാരം. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില.
എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും നേട്ടത്തിന്റെ പാത പിടിച്ചത്.
18 കാരറ്റും വെള്ളിയും
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,580 രൂപയായി. അതേസമയം, വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. വില ഗ്രാമിന് 88 രൂപ.
സ്വര്‍ണവില റെക്കോഡ് തിരുത്തി മുന്നേറുന്നതും വിവാഹ സീസണും അക്ഷയതൃതീയ പടിവാതിലില്‍ എത്തിനില്‍ക്കുന്നതും സംസ്ഥാനത്തെ വിപണിയില്‍ മാറ്റങ്ങളുടെ ട്രെന്‍ഡിന് കളമൊരുക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്ക് വലിയ താത്പര്യം കാട്ടുന്നതായി വ്യാപാരികള്‍ പറയുന്നു. എന്താണ് കേരളത്തിലെ പുത്തന്‍ ട്രെന്‍ഡ്? അതറിയാന്‍ വായിക്കൂ: സ്വര്‍ണവില കുതിപ്പിനിടെ കേരളത്തില്‍ പുത്തന്‍ ട്രെന്‍ഡ്; വിപണി കൈയടക്കി 'കുഞ്ഞന്‍' താരങ്ങള്‍, ബുക്കിംഗും തകൃതി (Click here).
ഉലഞ്ഞ് അമേരിക്ക, ചാഞ്ചാടി സ്വര്‍ണവില
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഉലച്ചിലുകളാണ് സ്വര്‍ണവിലയുടെ താളവും ദിനംപ്രതി തെറ്റിക്കുന്നത്.
അമേരിക്കയുടെ ജനുവരി-മാര്‍ച്ചുപാദ ജി.ഡി.പി വളര്‍ച്ചാനിരക്ക് 3.4 ശതമാനത്തില്‍ നിന്ന് 1.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മാര്‍ച്ചിലെ പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയിലെ 2.5 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമായും ഉയര്‍ന്നു.
ഇതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായി. ഈ വര്‍ഷം മിനിമം മൂന്ന് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നും ഇതിന് ജൂണില്‍ തുടക്കമാകുമെന്നുമായിരുന്നു ആദ്യ പ്രതീക്ഷകള്‍. പണപ്പെരുപ്പം കൂടിയതോടെ, ഇനി സെപ്റ്റംബറോടെ മാത്രമേ പലിശനിരക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകൂ.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഈ വിലയിരുത്തലുകളെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് കിട്ടുന്ന ആദായനിരക്ക്) 4 പോയിന്റ് താഴ്ന്ന് 4.667 ശതമാനമായി. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഔണ്‍സിന് 7 ഡോളറോളം ഉയര്‍ന്ന് 2,337 ഡോളറിലാണ് നിലവില്‍ രാജ്യാന്തര സ്വര്‍ണവിലയുള്ളത്. രാജ്യാന്തര വില വര്‍ധിച്ചത് കേരളത്തിലെ വിലയുടെ കയറ്റത്തിനും ഇന്ന് വഴിയൊരുക്കി.
ഇന്നൊരു പവന്‍ വാങ്ങാന്‍ നല്‍കേണ്ട വില?
വില കൂടിയതോടെ, സ്വര്‍ണത്തിന്റെ വാങ്ങല്‍വിലയും ആനുപാതികമായി ഇന്ന് ഉയര്‍ന്നിട്ടുണ്ട്. 53,480 രൂപയാണ് ഇന്നൊരു പവന്റെ വില. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ് (HUID Fee), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോഴേ വാങ്ങല്‍വിലയാകൂ. ഇന്ന് 57,900 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
അക്ഷയ തൃതീയ അടുത്തിരിക്കേ, സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഉപയോക്താക്കളെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ക്ക്: ഇക്കുറി അക്ഷയ തൃതീയ മേയ് 10ന് (Click here)