2021 ഓടെ 70,000 ത്തോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് കുവൈറ്റ് വിടേണ്ടി വരും
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 60 വയസ്സുകഴിഞ്ഞവരെയും അതിനു മുകളിലുള്ളവരെയും കുവൈറ്റ് സര്‍ക്കാര്‍ തിരിച്ചയച്ചേക്കുമെന്നാണ് അറിയുന്നത്.
60 വയസ്സോ അതിലധികമോ പ്രായമുള്ള പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈറ്റില്‍ നിന്നും തിരിച്ച് അവരവരുടെ രാജ്യത്തേക്ക് പോകേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍, താമസ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ചുള്ള പുതിയ ഭേദഗതിയിലാണ് 60 വയസ്സിനു മുകളിലേക്കുള്ളവരുടെ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന് തീരുമാനമായത്. ഇത്തരത്തില്‍ പുതിയ തീരുമാനം നടപ്പിലായാല്‍ 70,000ലധികം പേര്‍ക്ക് തിരികെ രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ തദ്ദേശീയ വത്കരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ കുവൈറ്റ് അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന വിദ്യഭ്യാസ നിലവാരമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റ് വിസയില്‍ തുടരാനായേക്കും.
അത്‌പോലെ 60 കഴിഞ്ഞ പ്രവാസികളുടെ മക്കള്‍ കുവൈറ്റിലുണ്ടെങ്കില്‍ അവര്‍ക്കൊപ്പം അവിടെ കഴിയുന്നതിന് തടസ്സമില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൈസ്‌കൂളോ അതില്‍ താഴെയോ മാത്രം വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള 60 വയസ് കടന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റിയുടെ അറിയിപ്പ്. 2021 ജനുവരിയിലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുക.