മുംബൈയില്‍ മദ്യം ഹോം ഡെലിവറി നാളെ മുതല്‍

Update:2020-05-23 15:01 IST

മുംബൈയില്‍ നാളെ മുതല്‍ മദ്യം വീടുകളില്‍ ഹോം ഡെലിവറിയായി എത്തും.ഇതിന് അനുമതി നല്‍കി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.മഹാരാഷ്ട്രയില്‍ മദ്യം വീട്ടിലെത്തിച്ചു വില്‍ക്കുന്ന സംവിധാനം മെയ് 15ന് നിലവില്‍ വന്നിരുന്നെങ്കിലും മദ്യനിരോധനം നിലവിലുള്ള മൂന്നു ജില്ലകളെയും കോവിഡ് ബാധ രൂക്ഷമായ മുംബൈയെയും ഒഴിവാക്കിയിരുന്നു.

വീടുകളില്‍ മദ്യം എത്തിക്കുന്നതിന് കടകള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം.ഇന്ത്യയില്‍ കോവിഡ് ഏറ്റവും തീവ്രമായി ബാധിച്ച നഗരമാണ് മുംബൈ. 2500 പേരിലാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 882 പേര്‍ മരിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു ഇത്രനാളും മുംബൈ മദ്യവില്‍പനയില്‍ നിന്ന് മാറി നിന്നത്.

പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ മുംബൈയില്‍ മദ്യം വില്‍ക്കാന്‍ അനുവാദമുള്ളൂവെന്ന്  ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറഞ്ഞു. ഈ മദ്യശാലകള്‍ക്ക്് കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ കഴിയില്ല. കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ഹോം ഡെലിവറി നിരോധിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഞായറാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടിനില്‍ക്കുന്നത് തടയുന്നതിനാണ് മദ്യം വീട്ടിലെത്തിച്ചുനല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് വാങ്ങണം. പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് അടുത്തുള്ള മദ്യവില്‍പ്പന ശാലയില്‍നിന്ന് മദ്യം വീട്ടിലെത്തിച്ചു തരണമെന്ന് ആവശ്യപ്പെടാം. വെബ്‌സൈറ്റുവഴിയോ വാട്‌സാപ്പ് വഴിയോ ഫോണ്‍ ചെയ്തോ ഓര്‍ഡര്‍ നല്‍കാം. മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതിന് കൂടുതല്‍ പണം ഈടാക്കാനാവില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News