ലോക്ക്ഡൗണ്‍, കര്‍ഫ്യൂ: രാജ്യത്തിന് 1.5 ലക്ഷം കോടി രൂപയുടെ നഷ്ടം

കോവിഡിന്റെ രണ്ടാംതരംഗത്തിന് തടയിടാന്‍ രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം 1.5 ലക്ഷം കോടി രൂപയാകാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

Update:2021-04-23 17:16 IST

കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കണോമിക് വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. ഇതുമൂലം 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

''കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. ഇതിന്റെ 54 ശതമാനവും മഹാരാഷ്ട്രയിലെ നിയന്ത്രങ്ങള്‍ കൊണ്ടാണ്,'' എസ് ബി ഐയിലെ ഇക്കണോമിക് ഉപദേഷ്ടാവ് ഡോ. സൗമ്യകാന്തി ഘോഷ് പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തില്‍ ജി ഡി പി അനുമാനവും എസ്ബിഐ കുറച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 10.4 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. നേരത്തേ ഇത് 11 ശതമാനമായിരുന്നു.
ജിഡിപി ഇടിയും
കോവിഡ് രണ്ടാംതരംഗം അതിതീവ്രമാകുന്നത് രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കും. കെയര്‍ റേറ്റിംഗ്‌സ് അടക്കം വിവിധ റേറ്റിംഗ് ഏജന്‍സികള്‍ ജി ഡി പി നിരക്ക് അനുമാനം ഇതിനകം കുറച്ചിട്ടുണ്ട്.

ലോക്ക്ഡൗണും തൊഴിലാളികളുടെ കൂട്ടപ്പലായനവും സാമ്പത്തിക രംഗത്ത് വന്‍ പ്രത്യഘാതം സൃഷ്ടിക്കുമെന്നാണ് ഏജന്‍സികളുടെ നിഗമനം.

വെസ്റ്റേണ്‍ റെയ്ല്‍വേയുടെ കണക്ക് പ്രകാരം ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള കാലയളവില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആസാം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് 4.32 ലക്ഷം ആളുകള്‍ തിരിച്ചുപോയിട്ടുണ്ട്. സെന്‍ട്രല്‍ റെയ്ല്‍വേയുടെ കണക്കുകള്‍ പ്രകാരം ഇതേ കാലയളവില്‍ മഹാരാഷ്ട്രയില്‍ നിന്ന് 4.7 ലക്ഷം പേര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്.

എന്നാല്‍ ചില റേറ്റിംഗ് ഏജന്‍സികള്‍, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രത്യാഘാതം ദീര്‍ഘകാലത്തേക്ക് ഉണ്ടാകാന്‍ ഇടയില്ലെന്നും നിരീക്ഷിക്കുന്നുണ്ട്. റേറ്റിംഗ് ഏജന്‍സിയായ നൊമുറ, കോവിഡ് രണ്ടാംതരംഗം മൂലം 2020 വര്‍ഷത്തിലെ രണ്ടാംപാദത്തിലുണ്ടായത്ര പ്രത്യാഘാതം ഇത്തവണയുണ്ടാകില്ലെന്ന അനുമാനമാണ് നടത്തിയിരിക്കുന്നത്.
ചെറുബിസിനസുകള്‍ തകരും, തൊഴില്‍ നഷ്ടമുണ്ടാകും
കോവിഡ് രണ്ടാംവ്യാപനം, ചെറുകിട - ഇടത്തരം ബിസിനസുകളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന മാസവരുമാനക്കാരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ ഡിമാന്റ് വന്‍തോതില്‍ കുറയും. ഡിമാന്റില്‍ വരുന്ന കുറവ് കമ്പനികളുടെ വില്‍പ്പന വരുമാനത്തെ പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വില്‍പ്പന വരുമാനം കുറഞ്ഞാല്‍ ലാഭത്തെ ബാധിക്കും.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇപ്പോഴത്തെ അനുമാനങ്ങളും കടന്ന് താഴേയ്ക്ക് പോയാലും അത്ഭുതപ്പെടാനില്ല.


Tags:    

Similar News