ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി തുടരുന്നതിനെ ഭൂരിഭാഗം പേര്‍ പിന്തുണച്ചെന്ന് സര്‍വേ ഫലം

Update: 2020-05-02 06:00 GMT

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബഹുഭൂരിഭാഗം ആളുകളും അനുകൂലിക്കുന്നതായി തിങ്ക് ടാങ്ക് ആയ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍) നടത്തിയ സര്‍വേ വ്യക്തമാക്കി. രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരുന്നതിനെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍  88 ശതമാനം പേരും നല്‍കിയ മറുപടി 'ഉവ്വ് ' എന്നായിരുന്നു.

ഏപ്രില്‍ 23 മുതല്‍ 26 വരെയാണ് എന്‍.സി.എ.ഇ.ആര്‍ ഡല്‍ഹി പ്രദേശത്തെ 1,800 പേരെ പങ്കെടുപ്പിച്ച് രണ്ടാം റൗണ്ട് കൊറോണ വൈറസ് ടെലിഫോണ്‍ സര്‍വേ നടത്തിയത്. 1,756 പേരെ പങ്കെടുപ്പിച്ച് ഏപ്രില്‍ 3 മുതല്‍ 6 വരെ നടത്തിയ  ഒന്നാം  റൗണ്ട്  ടെലിഫോണ്‍ സര്‍വേയില്‍  86 ശതമാനം പേരാണ് ലോക്ക്ഡൗണിനെ അനുകൂലിച്ചത്. രണ്ട് സര്‍വേകളുടെയും ഫലം ഏകദേശം ഒന്നു തന്നെയാണെന്ന് എന്‍.സി.എ.ഇ.ആര്‍ വ്യക്തമാക്കി.

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് 3 വരെ സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്.മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ഏതുവിധം പുനരാരംഭിക്കുമെന്ന് ചോദിച്ചപ്പോള്‍, 'സാമൂഹിക അകലം പാലിക്കു'ന്നതില്‍ ഊന്നല്‍ നല്‍കുമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും മറുപടി. 37 ശതമാനം ആളുകളും ജോലിസ്ഥലത്തേക്ക് ഉടന്‍ തിരികെ പോകില്ലെന്നു പറഞ്ഞു. ബാങ്ക്, എടിഎം, പോസ്റ്റോഫീസ്, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, ആശുപത്രി തുടങ്ങി ഇടങ്ങളില്‍ പോകാനും മറ്റു  കുടുംബങ്ങള്‍ സന്ദര്‍ശിക്കാനുമൊക്കെ മടിയുള്ളതായി മിക്കവരും സമ്മതിച്ചു. സാമൂഹിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ ലോക്ക്ഡൗണ്‍ സാരമായി ബാധിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം റൗണ്ട് സര്‍വേയില്‍ പ്രതികരിച്ചവരില്‍ ബഹുഭൂരിപക്ഷവും (82 ശതമാനം) സര്‍വേയ്ക്ക് മുമ്പുള്ള രണ്ടാഴ്ചക്കാലത്തു തന്നെ അവരുടെ വരുമാനത്തിലും വേതനത്തിലും ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളും ബിസിനസ് രംഗത്തുള്ളവരും പ്രതികരിച്ചത് ഏകദേശം ഒരേവിധം. 76.2 ശതമാനം ആളുകളും വിശ്വസിക്കുന്നത് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും രോഗം വരാനുള്ള സാധ്യതയില്ലെന്നാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News