കേരളത്തില്‍ കാലവര്‍ഷമെത്തി, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും
സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയേക്കാള്‍ ഒരാഴ്ച വൈകിയാണ് തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.
ബിപോര്‍ജോയ് ചുഴലിക്കാറ്റ്
കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. നിലവില്‍ ഗോവ തീരത്ത് നിന്ന് 86 കിലോമീറ്റര്‍ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനുകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
വിവിധ ജില്ലകളില്‍ അലര്‍ട്ട്
ജൂണ്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണിന്റെ വരവിനെ തുടര്‍ന്ന് കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴ്‌ക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരിവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
സാധാരണയില്‍ നിന്ന് വൈകി ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചത്. എന്നാല്‍ നാല് ദിവസം വൈകിയാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് 29 നും 2021 ല്‍ ജൂണ്‍ മൂന്നിനും 2020 ല്‍ ജൂണ്‍ ഒന്നിനുമാണ് മണ്‍സൂണ്‍ എത്തിയത്.