കാലവര്‍ഷം ചതിക്കുന്നു, നിക്ഷേപ മേഖലയിലും ഉഷ്ണക്കാറ്റോ?

മഴ, വില, പലിശ തുടങ്ങിയവ എങ്ങനെ നിക്ഷേപത്തെ ബാധിക്കുമെന്ന് നോക്കാം;

Update:2023-09-24 08:30 IST

Image : Canva

കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെ നടന്നില്ല. സാധനങ്ങളുടെ വിലക്കയറ്റം പരിധി വിട്ടു. ജൂലൈയില്‍ 7.44 ശതമാനമായിരുന്ന ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം ഓഗസ്റ്റിലും 6.5 ശതമാനത്തിനുമേല്‍ എന്ന ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്.

ഒക്ടോബറോടെ ചില്ലറ വിലക്കയറ്റം അഞ്ച് ശതമാനത്തില്‍ എത്തുമെന്ന് സര്‍ക്കാര്‍ വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും കമ്പോള വാര്‍ത്തകള്‍ അത്ര പ്രത്യാശ പകരുന്നതല്ല. തക്കാളിയുടെ വില കുറഞ്ഞപ്പോഴേക്ക് പരിപ്പ്, ഉഴുന്ന്, കടല തുടങ്ങിയവയുടെ വില കുതിച്ചു കയറുകയാണ്. സവാള, പഞ്ചസാര എന്നിവയുടെ വിലയും ഉയരുന്നു. ഓഗസ്റ്റിലെ മഴക്കുറവാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നു എന്നതിനര്‍ത്ഥം പലിശനിരക്കും കൂടുതല്‍ കാലം ഉയര്‍ന്നു നില്‍ക്കും എന്നാണ്. ഇത് കൂടാതെ റിസര്‍വ് ബാങ്ക് വീണ്ടും പലിശ കൂട്ടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ധാന്യവില വരുതിയിലാകുന്നില്ല
നെല്‍ക്കൃഷി കൂടുതലുള്ള സംസ്ഥാനങ്ങളില്‍ മഴ ഗണ്യമായി കുറഞ്ഞത് ധാന്യവില പിടിച്ചുനിറുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു. നുറുക്കരിക്കും വെള്ളയരിക്കും പിന്നാലെ പുഴുക്കലരിയുടെ കയറ്റുമതിയും വിലക്കാന്‍ കേന്ദ്രം ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. റഷ്യയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാനും ആലോചിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ധന മന്ത്രാലയവും റിസര്‍വ് ബാങ്കും ചില്ലറ വിലക്കയറ്റത്തിന് കാരണം പച്ചക്കറികളാണെന്ന് പലവട്ടം പറഞ്ഞു, അത് വേഗം മാറുമെന്നും അവകാശപ്പെട്ടു. കൂടാതെ തക്കാളിയുടെയും സവാളയുടെയും കാര്യത്തില്‍ ത്വരിത നടപടികള്‍ എടുക്കുകയും ചെയ്തു. അവ വിലക്കയറ്റ സൂചിക താഴ്ത്താന്‍ സഹായിക്കുമെന്ന് കരുതാമെങ്കിലും ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും അത്ര എളുപ്പം വഴങ്ങുന്നതായി തോന്നുന്നില്ല. ഇക്കൊല്ലം കരിമ്പുകൃഷി കുറവില്ലെങ്കിലും പഞ്ചസാര ഉല്‍പ്പാദനം കുറവാകുമെന്നാണ് വിലയിരുത്തല്‍.
കാലവര്‍ഷം ചതിക്കുന്നു
ജൂലൈയില്‍ ചില മേഖലകളില്‍ അപ്രതീക്ഷിതമായി കൂടുതല്‍ മഴ ലഭിച്ചത് രാജ്യത്ത് ശരാശരി മഴയുടെ അളവ് കൂട്ടി. അതോടെ കാലവര്‍ഷം വേണ്ടത്രയായി. എല്‍ നിനോ പ്രതിഭാസം സാരമാകില്ല എന്ന ധാരണ പരന്നെങ്കിലും ഓഗസ്റ്റിലെ മഴ വടക്കുപടിഞ്ഞാറന്‍ ഇന്ത്യ ഒഴികെ എല്ലായിടത്തും കുറവായിരുന്നു. ഇതോടെ രാജ്യത്തെ 36 കാലാവസ്ഥാ സബ് ഡിവിഷനുകളില്‍ 17ലും കാലവര്‍ഷം പതിവിലും പത്ത് ശതമാനമോ അതിലധികമോ കുറവാണ് ലഭിച്ചത്. 20 ശതമാനം കുറവായാലേ മഴക്കുറവ് എന്ന് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തുകയുള്ളൂ. അതുകൊണ്ട് ഇപ്പോഴും ഔദ്യോഗികമായി മണ്‍സൂണ്‍ പിഴവ് ഇല്ല. പക്ഷേ രാജ്യത്തെ കാര്‍ഷികമേഖലയുടെ പകുതിയോളം മഴക്കുറവിന്റെ കെടുതി അനുഭവിക്കുന്നു.
ഇത് ഇന്ത്യയിലെ വിഷയമാണെങ്കില്‍ ആഗോളതലത്തില്‍ വേറെ വിഷയങ്ങളുണ്ട്. യുക്രെയ്ന്‍ യുദ്ധം തുടരുകയാണ്. അത് വ്യാപകമാകുകയോ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാവുകയോ ചെയ്താല്‍ എന്തു സംഭവിക്കും എന്ന് പറയാനാവുകയില്ല. അത് മാറ്റിനിറുത്തിയാലും മറ്റ് വളരെയേറെ അനിശ്ചിതത്വങ്ങളുമുണ്ട്.
എല്‍ നിനോയും ഉഷ്ണക്കാറ്റും
എല്‍ നിനോ പ്രതിഭാസം ഉത്തരാര്‍ധ ഗോളത്തില്‍ രണ്ടുതരം തീവ്ര കാലാവസ്ഥാ മാറ്റങ്ങള്‍ ഇക്കൊല്ലം ഉണ്ടാക്കി. ഒട്ടേറെ പ്രദേശങ്ങള്‍ വരള്‍ച്ചയിലും ഉഷ്ണക്കാറ്റിലും ആയി. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. പിന്നെ പ്രളയവും കാലംതെറ്റിയ മഴയും വന്നു.
ഫലം: ഇന്ത്യയിലും തായ്‌ലന്‍ഡിലും ചൈനയിലും അടക്കം ഏഷ്യയില്‍ നെല്ല് ഉല്‍പ്പാദനം കുറയുന്നു. രണ്ടു ദശകത്തിനിടയിലെ ഏറ്റവും വലിയ ദൗര്‍ലഭ്യമാണ് അരി വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നത്. പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഞ്ചസാര, പരുത്തി തുടങ്ങിയവയുടെ ഉല്‍പ്പാദനവും കുറയുന്നു. വിപണിയിലെ ആഘാതം എന്താകുമെന്നത് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.
ചൈന ദുരിത മുനമ്പില്‍
ചൈനീസ് വളര്‍ച്ച മറ്റൊരു വലിയ അനിശ്ചിതത്വമാണ്. ഇക്കൊല്ലം അഞ്ചു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചതാണ്. ആദ്യ രണ്ടു പാദങ്ങള്‍ കഴിഞ്ഞപ്പോള്‍ 5.5 ശതമാനം വളര്‍ച്ച ഉണ്ടെങ്കിലും അത് തുടരാനാകുമെന്ന ഉറപ്പില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയും അതിനു പിന്നാലെ ധനകാര്യ സേവന മേഖലയും പ്രതിസന്ധിയിലാണ്. പല വമ്പന്‍ കമ്പനികളും പാപ്പരാകുമെന്ന നിലയിലാണ്. ഇതൊരു ലീമാന്‍ ബ്രദേഴ്‌സ് നിമിഷം ആയി മാറുമോ, ചൈന മാന്ദ്യത്തിലേക്കു വീഴുമോ എന്നാണ് ഇപ്പോഴുണ്ടാകുന്ന ആശങ്ക.
യൂറോപ്പില്‍ ഓഗസ്റ്റിലെ പി.എം.ഐസര്‍വേ ഫലം നിരാശാജനകമായി. ബിസിനസുകള്‍ വളരുകയല്ല, ചുരുങ്ങുകയാണെന്നതാണ് ചുരുക്കം. യു.കെയിലും കഥ അതുതന്നെ.
വില കൂടുന്നു, പലിശയും
എല്ലാവരും പ്രവചിച്ചത് 2023ല്‍ അമേരിക്ക മാന്ദ്യത്തിലാകുമെന്നാണെങ്കില്‍, അമേരിക്ക വളരുകയാണ്. അവിടെ തൊഴിലവസരങ്ങള്‍ കൂടുന്നു, വേതനം കൂടുന്നു, തൊഴിലില്ലായ്മ കുറയുന്നു, ജി.ഡി.പി വര്‍ധിക്കുന്നു. വില കുറയുമെന്നു കരുതിയെങ്കിലും വേണ്ടത്ര കുറഞ്ഞില്ല. ഇനിയും പലിശ കൂട്ടി വിലക്കയറ്റം ഒതുക്കേണ്ട നിലയായി.
അമേരിക്ക ഇനിയും പലിശ കൂട്ടും എന്നാണ് നിഗമനം. മാത്രമല്ല ഉടനെങ്ങും പലിശ കുറയ്ക്കാനും സാധ്യത
യില്ല. ഇന്ത്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പലിശ ഇനിയും കൂട്ടുമോ എന്നും ഉറപ്പില്ല. പക്ഷേ പലിശ കുറ
യ്ക്കല്‍ പല പാദങ്ങള്‍ക്കും അപ്പുറമാകുമെന്നത് തീര്‍ച്ചയാണ്. അമേരിക്ക പലിശ കൂട്ടുകയും ഇന്ത്യ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയും ചൈനയും യൂറോപ്പും മാന്ദ്യത്തിലാകുകയും ചെയ്താല്‍..? ഓഹരി നിക്ഷേപകര്‍ ഇന്നു നേരിടുന്ന പ്രധാന ചോദ്യം അതാണ്. ഉത്തരം എളുപ്പമല്ലാത്ത ചോദ്യം.
പലിശ വര്‍ധനയും മാന്ദ്യവും വരുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്
1. കയറ്റുമതി കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ വളര്‍ച്ചാ മേഖലകളിലേക്ക് കയറ്റുമതി നടത്തുന്നവയെ കണ്ടെത്തുക.
2. കാലാവസ്ഥാ വ്യതിയാനം ഉല്‍പ്പന്ന ലഭ്യതയെയും വില്‍പ്പനയെയും ബാധിക്കാത്ത കമ്പനികളെ നോക്കുക.
3. ആനുകാലിക മാറ്റങ്ങള്‍ ബാധിക്കാത്ത പ്രതിരോധം, ബഹിരാകാശം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തുക.
4. പലിശ നിരക്ക് വരുമാനത്തെ ബാധിക്കുന്ന ബിസിനസുകളെ അകറ്റിനിര്‍ത്തുക.

(This article was originally published in Dhanam Magazine September 15th issue)

Tags:    

Similar News