ആദായ നികുതി: അവസാന ദിവസം 40 ലക്ഷം റിട്ടേണുകള്‍
മൊത്തം റിട്ടേൺ ആറരക്കോടി കവിഞ്ഞു: സമയപരിധി നീട്ടിയില്ല, പിഴയോടെ ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം
ഈ വർഷത്തെ ആദായനികുതി റിട്ടേണുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. തിങ്കളാഴ്ച വൈകിട്ട് ആറുമണി വരെയുള്ള കണക്ക് അനുസരിച്ച് 6.5 കോടികൾ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസത്തെ റിട്ടേണുകളുടെ എണ്ണം 39.91 ലക്ഷമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
കഴിഞ്ഞവർഷം ജൂലൈ 31 വരെ 5.83 കോടി റിട്ടേണുകളാണ് ലഭിച്ചത്. ഇത്തവണ ഒരു ദിവസം മുൻപ് തന്നെ ആ സംഖ്യ മറികടക്കാനായി.
ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. കാലാവധി നീട്ടാൻ ആലോചനയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷവും തീയതി നീട്ടിയിരുന്നില്ല.
പിഴയോട് കൂടി ഡിസംബർ 31 വരെ
സമയപരിധി കഴിഞ്ഞാലും പിഴയോടുകൂടി 'ബിലേറ്റഡ് റിട്ടേൺ' വിഭാഗത്തിൽ ഡിസംബർ 31 വരെ നികുതി റിട്ടേൺ സമർപ്പിക്കാനാകും. എന്നാൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കുന്ന റിട്ടേണിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതും ലഭിക്കില്ല.
5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 1,000 രൂപയും അതിനുമുകളിൽ ആണെങ്കിൽ 5,000 രൂപയും ആണ് വൈകി സമർപ്പിക്കുമ്പോൾ ഉള്ള പിഴ.