വരാനിരിക്കുന്നത് പുതിയൊരു സാമ്പത്തിക പ്രതിസന്ധി! എങ്ങനെ വലിയ അവസരമാക്കാം?

2020ല്‍ നാം കണ്ട കോവിഡ് 19നേക്കാള്‍ വലിയ പ്രതിസന്ധി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. പക്ഷേ അതിനെ അവസരമാക്കാനും കഴിയും

Update:2021-01-26 10:00 IST

ഒരുപാട് വര്‍ഷക്കാലം ആളുകള്‍ വിശ്വസിച്ചിരുന്നത് ലോകത്തില്‍ വെള്ള അരയന്നം മാത്രമേ ഉള്ളുവെന്നായിരുന്നു. കാരണം അതുവരെ എല്ലാവരും വെള്ള അരയന്നങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. അതിനുശേഷം ഓസ്‌ട്രേലിയ കണ്ടുപിടിച്ചപ്പോഴാണ് കറുത്ത അരയന്നങ്ങളും ഉണ്ടെന്ന് മനസിലായത്. നാസിം നിക്കോളാസ് ടാലിബിന്റെ ബ്ലാക്ക് സ്വാന്‍ എന്ന പുസ്തകം ലോകപ്രശസ്തമാണ്. ഞാനിപ്പോള്‍ എന്തിനാണ് ഇതിനെക്കുറിച്ച് പറയുന്നത് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ബ്ലാക് സ്വാന്‍ ഒരു പ്രതീകമാണ്. ബ്ലാക് സ്വാന്‍ എന്നാല്‍ ഭാവിയില്‍ വരാനിരിക്കുന്ന, എന്നാല്‍ നമ്മുടെ ജീവിതങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന, കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഇത്തരത്തില്‍ ഒരു ബ്ലാക്ക് സ്വാന്‍ സമീപഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം. സാമ്പത്തികവ്യവസ്ഥയില്‍ വരാന്‍ പോകുന്ന ആ കറുത്ത അരയന്നത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയത്ത് ആളുകള്‍ വിചാരിച്ചത് ഇനിയിപ്പോള്‍ ലോകത്ത് മറ്റൊരു യുദ്ധം വരില്ലെന്നായിരുന്നു. കാരണം യുദ്ധം ഉണ്ടാകാതിരിക്കാനായി ലീഗ് ഓഫ് നേഷന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധം വന്നു. ഇതുപോലെ ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ലോകത്തെ വലിയ സാമ്പത്തികപ്രതിസന്ധികളെല്ലാം തന്നെ ഉണ്ടായത്. 2000ത്തിലെ ഡോട്ട്‌കോം കുമിള, 2007ലെ സാമ്പത്തികമാന്ദ്യം... ഇതെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു വന്നത്. ഇതുപോലുള്ള ബ്ലാക്ക് സ്വാന്‍ സംഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്താല്‍ അതിന്റെ ട്രെന്‍ഡുകള്‍ നമുക്ക് മനസിലാക്കാനാകും. അതുവഴി അവയെ ബിസിനസിലെ വലിയ അവസരങ്ങളാക്കി മാറ്റാനും സാധിക്കും.
ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇതറിയണമെങ്കില്‍ സര്‍ക്കാരുകള്‍ എങ്ങനെയാണ് സാമ്പത്തികവ്യവസ്ഥയെ നിയന്ത്രിക്കുന്നത് എന്ന് മനസിലാക്കണം. ഓരോ രാജ്യത്തിന്റെയും റിസര്‍വ് ബാങ്കുകളുടെ കൈയിലാണ് ഈ നിയന്ത്രണം. അമേരിക്കയിലാണെങ്കില്‍ ഫെഡറല്‍ റിസര്‍വ് ആണ് സാമ്പത്തികവ്യവസ്ഥയെ നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശക്തി അതായത് സൂപ്പര്‍ പവര്‍ എന്ന നിലയില്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളാണ് ലോകത്തിന്റെ സാമ്പത്തികവ്യവസ്ഥയെ കൂടുതലായും സ്വാധീനിക്കുന്നത്.

പ്രതിസന്ധിയെ മറികടക്കാനുള്ള 3 വഴികള്‍

കടുത്ത സാമ്പത്തികപ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഏതൊരു രാജ്യത്തിന്റെയും റിസര്‍വ് ബാങ്കുകളുടെ മുന്നില്‍ മൂന്ന് വഴികളാണുള്ളത്. ഒന്നാമത്തെ വഴി പലിശനിരക്ക് കുറയ്ക്കുകയും കൂട്ടുകയുമാണ്. പരമാവധി പലിശനിരക്ക് കുറച്ചുവെച്ചാല്‍ സാമ്പത്തികവ്യവസ്ഥ കുതിക്കും. അപ്പോള്‍ വിപണിയില്‍ പണപ്പെരുപ്പം വ്യാപകമാകും. ആ സമയത്ത് മറ്റുവഴികളില്ലാതെ പലിശനിരക്ക് കൂട്ടും. അപ്പോള്‍ സാമ്പത്തികവ്യവസ്ഥ ചിലപ്പോള്‍ വീണ്ടും താഴേക്ക് പോയെന്നുവരും. ചില സാഹചര്യങ്ങളില്‍ ഈ വിദ്യ ഏല്‍ക്കാതെ വരും.
പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ സാമ്പത്തികവ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല എന്ന സ്ഥിതി വരുമ്പോള്‍ അവര്‍ രണ്ടാമത്തെ ആയുധം പുറത്തെടുക്കും. അതിനെ ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് എന്നാണ് വിളിക്കുന്നത്. അതായത് ബിസിനസുകളുടെ ബാധ്യതകള്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന പരിപാടി. പല കമ്പനികളുടെയും ബാധ്യതകള്‍ സര്‍ക്കാര്‍ വാങ്ങിയാണ് 2008ലെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. 2008ല്‍ പ്രതിസന്ധി വന്ന സമയത്ത് ബിസിനസുകളുടെ ബാധ്യതകള്‍ വാങ്ങുന്നതിനായി ഏഴ് ട്രില്യണ്‍ ഡോളറാണ് അന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പ്രിന്റ് ചെയ്തത്. അതില്‍ ഭൂരിഭാഗവും ലഭിച്ചത് വന്‍കിട കമ്പനികള്‍ക്കാണ്. ഇതില്‍ ആറ് ട്രില്യണ്‍ ഡോളറും സ്വന്തം ഓഹരികള്‍ തിരിച്ചുവാങ്ങാനാണ് അവര്‍ ഉപയോഗിച്ചത്. സമ്പന്നരായ ആളുകള്‍ക്ക് വീണ്ടും പണം ലഭിക്കുന്ന അവസ്ഥ. ഫലമോ വിപണിയില്‍ പണം അധികമായി. കോവിഡിന് മുമ്പ് 13 ട്രില്യണ്‍ ഡോളര്‍ പണം കൂടുതലായിട്ട് പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് കോവിഡ് വന്നത്. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രണ്ടാമത്തെ മാര്‍ഗ്ഗവും ഫലിക്കാതെ വന്നപ്പോള്‍ മറ്റുവഴിയില്ലാതെ സര്‍ക്കാരുകള്‍ മൂന്നാമത്തെ വഴി തന്നെ സ്വീകരിച്ചു. ഇതിനെ ക്രിട്ടിക്കല്‍ മോണിറ്ററി പോളിസി എന്നാണ് ഞാന്‍ അതിനെ വിളിക്കുന്നത്. കാര്യം വളരെ ലളിതമാണ്. സര്‍ക്കാര്‍ ആളുകളുടെ കൈകളിലേക്ക് നേരിട്ട് പണം കൊടുക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ മറ്റ് രണ്ട് നയങ്ങളും പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഈ മോണിറ്ററി പോളിസി പുറത്തെടുക്കുന്നത്. പ്രതിസന്ധിയെ അതിജീവിക്കാന്‍ സര്‍ക്കാരുകള്‍ പണം പ്രിന്റ് ചെയ്ത് ആളുകള്‍ക്ക് നേരിട്ട് കൊടുക്കാന്‍ തുടങ്ങി. ഇത് വളരെ നല്ലൊരു കാര്യം തന്നെ. എന്നാല്‍ ഇതില്‍ ഒരു അപകടം പതിയിരുപ്പുണ്ട്. എന്താണ് ആ അപകടം എന്നല്ലേ? 
നമ്മള്‍ വിചാരിക്കും എത്ര പണം അച്ചടിച്ചാലും അതിന് തത്തുല്യമായ സ്വര്‍ണ്ണം സര്‍ക്കാരുകള്‍ സൂക്ഷിക്കും എന്ന്. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം വാങ്ങിവെക്കുന്ന രീതി അഥവാ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആദ്യം നിര്‍ത്തിയത് യു.കെ സര്‍ക്കാര്‍ ആണ്. അതിനുശേഷം അമേരിക്ക 1971ല്‍ നിര്‍ത്തി. ഇതോടെ സര്‍ക്കാരുകള്‍ അച്ചടിക്കുന്ന പണത്തിന് അടിസ്ഥാനപരമായ മൂല്യം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇറക്കുന്ന ഈ പണം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാതെ നേരെ വിപണിയിലേക്ക് ചെല്ലുകയാണ്. ഇതില്‍ തന്നെ സമ്പന്നരായ ആളുകളുടെ കൈയിലേക്കാണ് കൂടുതല്‍ പണവും എത്തുന്നത്. അവര്‍ ഓഹരിയിലേക്ക് നിക്ഷേപിക്കുന്നു. ഇതാണ് സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഓഹരിവിപണി ഉയരാനുള്ള പ്രധാന കാരണം.

തിരിച്ചറിയാതെ പോകുന്ന അപകടം

ഇതിലെ അപകടം മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ബ്രോയ്‌ലര്‍ കോഴിയെ വളര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? കോഴിക്ക് എല്ലാ ദിവസവും സമയാസമയം നല്ല തീറ്റ കിട്ടിക്കൊണ്ടിരിക്കുന്നു. കോഴിയെ പരിചരിക്കാനും കൂട് വൃത്തിയാക്കാനുമൊക്കെ ആളുകളുണ്ട്. കോഴി വിചാരിക്കുന്നത് എന്തൊരു രാജകീയമായ ജീവിതമാണ് തന്റേതെന്നായിരിക്കും. 60 ദിവസം ജീവിച്ചിരിക്കുന്ന കോഴി അമ്പത്തി ഒമ്പതാമത്തെ ദിവസം വരെ അങ്ങനെയാണ് വിചാരിക്കുന്നത്. അറുപതാമത്തെ ദിവസം കോഴിയെ കൊന്നുകഷണമാക്കി വില്‍ക്കുന്നു. ഏത് പ്രതിസന്ധി വരുമ്പോഴും അതിനെ മറികടക്കാന്‍ പണം വിപണിയിലേക്ക് ഒഴുക്കുമ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നതും കോഴി ചിന്തിച്ചിരുന്നതുപോലെയാണ്. വരാനിരിക്കുന്ന ദുരന്തത്തെ അറിയാതെ.
സാമ്പത്തികരംഗത്ത് വരാനിരിക്കുന്ന ആ കറുത്ത അരയന്നം മറ്റൊന്നുമല്ല. കറന്‍സി പ്രതിസന്ധി തന്നെ. കാരണം ലോകത്തിലുള്ള എല്ലാ സര്‍ക്കാരുകളും തന്നെ ക്രിട്ടിക്കല്‍ മോണിട്ടറി പോളിസി സ്വീകരിച്ചുകഴിഞ്ഞു. പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 25 ട്രില്യണ്‍ അധികപണം വിപണിയിലേക്ക് വന്നുചേരും. എന്താണ് അതിന്റെ അര്‍ത്ഥം? നമുക്കറിയാം, എന്തുകാര്യത്തിന് സപ്ലെ കൂടുന്നോ അതിന്റെ ഡിമാന്റ് കുറയും. സ്വാഭാവികമായും കറന്‍സികളുടെ മൂല്യം കുറയും. ലോകത്തിലുള്ള എല്ലാ കറന്‍സികളുടെയും മൂല്യം താഴേക്ക് പോകുന്ന സ്ഥിതിവിശേഷമാണ് വരാനിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ പോകുന്നു എന്ന് മനസിലാക്കുന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളെ അത് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കേണ്ടതാണ് രണ്ടാമത്തെ കാര്യം. അതിലെ അവസരങ്ങള്‍ തിരിച്ചറിയുന്നതാണ് മൂന്നാമത്തെ കാര്യം.
കറന്‍സിയുടെ മൂല്യം ഇടിയുമ്പോള്‍ അത് എല്ലാ അസറ്റ് ക്ലാസുകളെയും ബാധിക്കുമെങ്കിലും പിന്നീട് ഇവ കുതിക്കും. ഈ പ്രശ്‌നം ആദ്യം ബാധിക്കുന്നത് ഓഹരിവിപണിയെയായിരിക്കും. അസറ്റ് ക്ലാസുകളില്‍ ഉണ്ടാകാന്‍ പോകുന്ന ഈ ഇടിവാണ് നിക്ഷേപകര്‍ ഒരു അവസരമാക്കേണ്ടത്. ഈ ഇടിവ് എന്ന് സംഭവിക്കും എന്ന് പ്രവചിക്കാനാകില്ല. പക്ഷെ ഇടിവുണ്ടാകുന്നത് ലുലുവില്‍ 50 ശതമാനം ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വില്‍ക്കുന്നതുപോലെയാണ്. ഇനിയും ഡിസ്‌കൗണ്ട് കിട്ടുമെന്ന് വിചാരിച്ച് നാം വാങ്ങാതെ കാത്തിരിക്കില്ലല്ലോ. അതുപോലെ ഇനിയും ഇടിയുമെന്ന് പ്രതീക്ഷിക്കാതെ ഈ അവസരത്തില്‍ നിക്ഷേപിക്കാം. സ്വര്‍ണ്ണം, റിയല്‍ എസ്‌റ്റേറ്റ്, ഓഹരിവിപണി എന്നിവയിലും ചെറിയൊരു വിഹിതം മാത്രം ക്രിപ്‌റ്റോകറന്‍സിയിലും നിക്ഷേപിക്കാം.

സംരംഭകര്‍ എവിടെ നിക്ഷേപിക്കണം?

എന്നാല്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ എവിടെ നിക്ഷേപിക്കണം? എവിടെയാണ് നിങ്ങള്‍ക്ക് അവസരമുള്ളത്?
$ ലോകത്ത് വലിയൊരു മാറ്റമുണ്ടായി സാമ്പത്തികവ്യവസ്ഥ പുതിയൊരു യുഗത്തിലേക്ക് കടക്കുമ്പോള്‍ വിജയിക്കുന്ന കമ്പനികള്‍ ഏറ്റവും ഇന്നവേറ്റീവ് ആശയങ്ങളുള്ള സ്ഥാപനങ്ങളായിരിക്കും. അതുകൊണ്ട് ബിസിനസുകാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നിക്ഷേപം ഇന്നവേഷനില്‍ നിക്ഷേപിക്കുകയെന്നതാണ്. അതിന് ഏറ്റവും മികച്ച സമയമാണിത്. പുതിയ ലോകത്ത് വരാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരിക്കും? നിങ്ങള്‍ക്ക് ആ പ്രശ്‌നങ്ങള്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക. പ്രശ്‌നങ്ങളെ വലിയൊരു അവസരമാക്കി മാറ്റുക.
$ രണ്ടാമതായി ബിസിനസുകാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന നിക്ഷേപം അവരുടെ ആളുകളില്‍ നിക്ഷേപിക്കുകയെന്നതാണ്. എന്നുവെച്ചാല്‍ ഇതുപോലെ അസ്ഥിരവും അനിശ്ചിതവുമായ സാഹചര്യങ്ങളില്‍ ഏറ്റവും വിജയിക്കുന്ന കമ്പനികള്‍ മാറ്റങ്ങളെ അതിവേഗം സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ട് ഏത് മാറ്റങ്ങളിലേക്കും അതിവേഗം ഇണങ്ങിച്ചേരാന്‍ കഴിവുള്ള ആളുകളില്‍ നിങ്ങള്‍ നിക്ഷേപിക്കണം. അവരുടെ ക്രിയാത്മകമായ കഴിവുകള്‍ ഉപയോഗിക്കണം. ഏത് സാഹചര്യത്തിലും അതുതന്നെയാണ് ചെയ്യേണ്ടതെങ്കിലും ഇത്തരം അനിശ്ചിതമായ സാഹചര്യങ്ങളില്‍ അതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്.
$ അവസാനമായി പറയാനുള്ളത് ഏറ്റവും പ്രാധാന്യമുള്ള ഒരു നിക്ഷേപത്തേക്കുറിച്ചാണ്. പ്രൊഫഷണലായ ഒരാളെ സംബന്ധിച്ചടത്തോളം ജോലി നന്നായി ചെയ്താല്‍ ഒരു ജീവിതമാര്‍ഗ്ഗമുണ്ടാകും. നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. എന്നാല്‍ ബിസിനസിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ വരുമാനം ലഭിക്കും. കൂടുതല്‍ സമ്പത്തുണ്ടാക്കാം. എന്നാല്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ നിക്ഷേപിക്കുകയാണെങ്കില്‍, ആ നിക്ഷേപം നിങ്ങള്‍ക്ക് വലിയ 'ഫോര്‍ച്യൂണ്‍' തരും. ലോകത്ത് ഏറ്റവും വിജയികളായിട്ടുള്ളവര്‍ തങ്ങളില്‍ തന്നെ നിക്ഷേപിച്ചവരാണ്. അവരെപ്പോലെ നിങ്ങള്‍ നിങ്ങളില്‍ തന്നെ നിക്ഷേപിക്കുക. പ്രത്യേകിച്ച് അസ്ഥിരമായ ഈ സാഹചര്യത്തില്‍.

(ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ ലേഖകന്‍ യു.എസ് ഉള്‍പ്പടെ 14 രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് help@rublechandy.com എന്ന മെയ്ല്‍ ഐഡിയില്‍ ബന്ധപ്പെടാം.)
Tags:    

Similar News