നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 4.7
ശതമാനമെന്ന കണക്ക് സമ്പദ്വ്യവസ്ഥയിലെ സ്ഥിരതയെയാണു സൂചിപ്പിക്കുന്നതെന്ന്
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ് വ്യവസ്ഥയില്‍ ഉടന്‍ ഒരു
കുതിച്ചുചാട്ടമോ ഇടിവോ പ്രതീക്ഷിക്കുന്നില്ലെന്നും സ്വകാര്യ ടിവി ചാനലിന്റെ
അവാര്‍ഡ് ചടങ്ങില്‍ അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ജിഡിപി വളര്‍ച്ച 5.6 ശതമാനമായിരുന്നു.
ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് ഇത്തവണ
രേഖപ്പെടുത്തിയത്.നേരിയ മുന്നേറ്റം നേടാനായത് ഇന്ത്യന്‍ വിപണിയുടെ
ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊറോണ
വൈറസ് സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന ഭയം മുന്‍നിര്‍ത്തി 'പാനിക്
ബട്ടണ്‍' ഉടന്‍ അമര്‍ത്തേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.
പക്ഷേ പ്രശ്‌നങ്ങള്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടുപോയാല്‍ ചൈനയില്‍
നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന
ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് വ്യവസായങ്ങളില്‍ വെല്ലുവിളി
തീവ്രമാകുമെന്ന് അവര്‍ പറഞ്ഞു.
ഈ വര്‍ഷം
തന്നെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6% ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രാലയം
അവകാശപ്പെടുന്നുണ്ട്. അതേസമയം, സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയും,
വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തു നില്‍ക്കവേ കൊറോണ വൈറസ് ബാധയടക്കമുള്ളവ
കനത്ത പ്രഹരമേല്‍പിച്ച സാഹചര്യത്തില്‍ അത്തരമൊരു ലക്ഷ്യം നടപ്പാകില്ലെന്ന്
സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline