കയറ്റുമതി തയ്യാറെടുപ്പ് സൂചിക; സ്ഥാനം ഇടിഞ്ഞ് കേരളം, ഗുജറാത്ത് ഒന്നാമത്

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ആദ്യ പത്തില്‍ ഇടംനേടി

Update: 2022-03-26 05:22 GMT

നീതി ആയോഗ് തയ്യാറാക്കിയ 2021ലെ സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയില്‍ (NITI ayog's export preparedness index 2022) തുടര്‍ച്ചയായി രണ്ടാം തവണയും ഗുജറാത്ത് ഒന്നാമത്. അതേ സമയം കേരളത്തിന്റെ സ്ഥാനം 10ല്‍ നിന്ന് 16ലേക്ക് ഇടിഞ്ഞു. സൂചികയില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 78.86ഉം കേരളത്തിന്റേത് 40.92ഉം ആണ്.

മഹാരാഷ്ട്ര (77.14), കര്‍ണാടക (61.72), തമിഴ്‌നാട് (56.84), ഹരിയാന (53.20) എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിന് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. രാജ്യത്തെ ആകെ കയറ്റുമതിയുടെ 75 ശതമാനവും സംഭാവന ചെയ്യുന്നത് പട്ടികയിലുള്ള ആദ്യ ആറ് സംസ്ഥാനങ്ങളാണ്. അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം. 11.8 ആണ് അരുണാചല്‍ പ്രദേശിന്റെ സ്‌കോര്‍.

അതേ സമയം കയറ്റുമതിയില്‍ തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്. 2020ല്‍ ആറാംസ്ഥാനമായിരുന്നു ഈ വിഭാഗത്തില്‍ കേരളത്തിന്. നയങ്ങള്‍, ബിസിനസ് ഇക്കോസിസ്റ്റം, കയറ്റുമതി ഇക്കോസിസ്റ്റം, കയറ്റുമതി പ്രകടനം എന്നീ നാല് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്.

സൂചികയിലെ ആദ്യ 10 സംസ്ഥാനങ്ങള്‍

1.ഗുജറാത്ത്

2.മഹാരാഷ്ട്ര

3.കര്‍ണാടക

4.തമിഴ്‌നാട്

5. ഹരിയാന

6.ഉത്തര്‍ പ്രദേശ്

7.മധ്യപ്രദേശ്

8.പഞ്ചാബ്

9.ആന്ധ്രാപ്രദേശ്

10.തെലുങ്കാന

Tags:    

Similar News