'ഹാക്കറുടെ കണ്ടെത്തല്‍ തെറ്റ്'; ആരോഗ്യസേതുവിന് സുരക്ഷാ പാളിച്ചയില്ലെന്ന് വിശദീകരണം

Update: 2020-05-06 12:19 GMT

കൊറോണ വൈറസിനെ ട്രാക്ക് ചെയ്യാന്‍ രംഗത്തുള്ള ആരോഗ്യസേതു ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന ഫ്രഞ്ച് എത്തിക്കല്‍ ഹാക്കറുടെ കണ്ടെത്തലിന് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. 90 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ സുരക്ഷാ വീഴ്ചകള്‍ അറിയിക്കാമെന്നുമാണ് ഹാക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ഫ്രഞ്ച് ഹാക്കറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റാണ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. താന്‍ ആദ്യ ട്വീറ്റ് നടത്തി 49 മിനിട്ട് കഴിഞ്ഞ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും തന്നെ ബന്ധപ്പെട്ടെന്നും വീഴ്ചകള്‍ ശ്രദ്ധയില്‍ പെടുത്തിയി്ട്ടുണ്ടെന്നും പിന്നീട് ഹാക്കര്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത് ശരിയാണെന്നും ഹാക്കര്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പിന്റെ വിശദീകരണം വന്നത്.

ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്നും എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.കൃത്യമായ വിവരം ലഭ്യമാക്കാനാണ് ഉപഭോക്താക്കളുടെ മൊബൈലില്‍ ലൊക്കേഷനും ബ്ലൂടൂത്തും ഓണ്‍ ആക്കാന്‍ നിര്‍ദേശിക്കുന്നത്. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച ഹാക്കര്‍ക്ക് പ്രസ്താവനയില്‍ നന്ദി പറഞ്ഞിട്ടുണ്ട്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്ന് ഹാക്കര്‍ കണ്ടെത്തിയിട്ടില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷ സംബന്ധിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.അതേസമയം, 'നമുക്ക് നോക്കാം, നാളെ വീണ്ടും കാണാം' എന്ന് ഹാക്കറുടെ മറുപടി പഴുതുകളിലേക്കുള്ള തുടര്‍ സൂചനയാണെന്ന അഭിപ്രായം സൈബര്‍ ലോകത്തു വ്യാപകമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News