നാലിലൊന്ന് പേരുടെ വരുമാനത്തില്‍ ഇടിവ്, ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവനക്കാര്‍
ഇന്ത്യയിലെ 25 ശതമാനം ജീവനക്കാര്‍ക്ക് വരുമാനം കുറഞ്ഞതായി മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. വരുമാനം നഷ്ടപ്പെടുമോ എന്ന ഭീതി ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം 39 ശതമാനം പേരുടെ ഭാവിയിലേക്കായി മിച്ചം പിടിച്ചിരുന്ന തുകയില്‍ കുറവ് വന്നു.
ലിങ്ക്ഡിന്‍ 1000 പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍. തൊഴിലിന്റെ ലഭ്യത, കമ്പനിയുടെ സാമ്പത്തികസ്ഥിതി, ഇത് തങ്ങളുടെ വരുമാനത്തെ എത്രത്തോളം ബാധിക്കും... തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ജോലി തെരയാനായി അടുത്ത രണ്ടാഴ്ച കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. 64 ശതമാനം പേര്‍ പഠിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേര്‍ തങ്ങളുടെ കമ്പനി റിമോട്ട് വര്‍ക്കിംഗ് ഓപ്ഷന്‍ കൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. 25 ശതമാനം പേര്‍ക്ക് മാത്രമേ ഫ്‌ളെക്‌സിബിള്‍, അല്ലെങ്കില്‍ പാര്‍ട് ടൈം വര്‍ക്കിംഗ് സമയം ലഭിക്കുന്നുള്ളു.
മെച്ചപ്പെടും എന്ന വിശ്വാസം
50 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അടുത്ത ആറ് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് ആത്മവിശ്വാസമുണ്ട്. അഞ്ചില്‍ മൂന്ന് പേര്‍ അടുത്ത വര്‍ഷത്തോടെ തങ്ങളുടെ കരിയറില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അടുത്ത ആറ് മാസം തങ്ങളുടെ സ്ഥാപനത്തിനെ സംബന്ധിച്ചടത്തോളം കഠിനമായ കാലയളവ് തന്നെയായിരിക്കുമെന്നാണ് 33 ശതമാനം പേര്‍ പറയുന്നത്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് തങ്ങളുടെ കമ്പനി തിരിച്ചുവരുമെന്ന് 72 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ വിശ്വസിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline