സപ്ലൈകോ സംഭരണം വൈകുന്നു; മില്ലുകള്‍ നെല്ലെടുക്കുന്നത് കുറഞ്ഞ വിലയില്‍; കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

മഴയെ തുടര്‍ന്നുള്ള വിളനാശവും തിരിച്ചടിയായി

Update:2024-10-05 14:31 IST

നെല്ല്  സംഭരണത്തില്‍ സപ്ലൈക്കോയുടെ അലംഭാവം കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കുന്നു. പ്രധാന നെല്ല് ഉല്‍പ്പാദന മേഖലകളിലൊന്നായ പാലക്കാട് ജില്ലയില്‍ ഒന്നാം വിള കൊയ്ത്ത് പൂര്‍ത്തിയാകുമ്പോഴും നെല്ല് സംഭരണത്തിനുള്ള നടപടികള്‍ ഇഴയുകയാണ്. ഇത് മൂലം കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ സ്വകാര്യമില്ലുകള്‍ക്ക് കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. വലിയ നഷ്ടമാണ്  കര്‍ഷകര്‍ക്ക് സംഭവിക്കുന്നത്. നെല്ല് സംഭരണത്തില്‍ മില്ലുകളുമായി കരാറുണ്ടാക്കുന്നതില്‍ സപ്ലൈകോയുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസമാണ് ഇത്തവണ കര്‍ഷകരെ ദുരിതത്തിലാക്കിയത്. സംഭരണത്തിനുള്ള കരാര്‍ ആയെങ്കിലും ഇതിനകം തന്നെ മിക്ക പാടശേഖരങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് കര്‍ഷകര്‍ നെല്ല് സ്വകാര്യ കച്ചവടക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ വിറ്റു കഴിഞ്ഞു.

കര്‍ഷകര്‍ക്ക് വലിയ നഷ്ടം

സപ്ലൈക്കോ നെല്ല് സംഭരിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് കിലോക്ക് 28.30 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ സംഭരണ കാര്യത്തില്‍ തീരുമാനം വൈകിയതോടെ കിലോക്ക് 22 രൂപ നിരക്കിലാണ് പൊതുവിപണിയില്‍ കർഷകർ നെല്ല് വിറ്റത്. ഒരു ടണ്‍ നെല്ലിന് ഏതാണ്ട് 6,000 രൂപ നഷ്ടം. കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്തവരുടെ നഷ്ടം വലുതാണ്. സപ്ലൈകോയുടെ സംഭരണം വൈകിയതാണ് പൊതു വിപണിയില്‍ നെല്ല് വില ഇടിയാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം വിളയില്‍ ജ്യോതി നെല്ലിന് കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ 25 രൂപക്ക് മുകളില്‍ ലഭിച്ചിരുന്നു.

മഴയെ തുടര്‍ന്ന് വിളനാശം

ഒന്നാം വിളയിറക്കിയ കര്‍ഷകരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇത്തവണ മഴ കാര്യമായ വിളനാശമുണ്ടാക്കിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഓഗസ്റ്റ് മാസത്തെ മഴയില്‍ വയലിൽ വെള്ളം കെട്ടി നിന്നതോടെ നെല്‍ചെടികളില്‍ കീടബാധയും ചീച്ചിലും ഉണ്ടായതാണ് വിനയായത്. പാലക്കാട്ടെ പാടശേഖരങ്ങളില്‍ ഏക്കറില്‍ നിന്നുള്ള ശരാശരി വിളവ് ഒന്നര ടണ്‍ ആണ്. ഇത്തവണ ഒരു ടണ്‍പോലും ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പാട്ടത്തുക ഉള്‍പ്പടെ ഏക്കറിന് 30,000 രൂപയോളം ചിലവ് വരുന്നുണ്ട്. ഒന്നര ടണ്‍ ലഭിച്ചാല്‍ പോലും അധ്വാനത്തിന് അനുസരിച്ചുള്ള ലാഭം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ല് കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടി വരുമ്പോള്‍ കൃഷി നഷ്ടമായി  മാറും.

Tags:    

Similar News