ഇന്ത്യ-പാക് വ്യാപാരം പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി
2019ല്‍ ഇന്ത്യ-പാക് ഉഭയകക്ഷി വ്യാപാരം നിറുത്തിവച്ചിരുന്നു
ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ച് രാജ്യം ഗൗരവമായി പരിശോധിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019 മുതല്‍ നിറുത്തിവച്ചിരിക്കുകയാണ്. ഇപ്പോഴും തുടരുന്ന ഇറക്കുമതികള്‍ ദുബൈ അല്ലെങ്കില്‍ സിംഗപ്പൂര്‍ വഴിയാണ് നടത്തുന്നത്. ഇത് അധിക ചെലവിനും സമയ നഷ്ടത്തിനും കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചു
ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയതിന് ശേഷം 2019 ഓഗസ്റ്റില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്ഥാന്‍ നിറുത്തിവച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന വകുപ്പായിരുന്നു ഇത്. 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ നേരിടാന്‍ സാധ്യമായ എല്ലാ വഴികളും പ്രയോഗിക്കുമെന്ന് പാകിസ്ഥാന്‍ അന്ന് പറഞ്ഞിരുന്നു.
പിന്നീട് പുല്‍വാമ ഭീകരാക്രമണമുണ്ടായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം' എന്ന (most favoured nation/mfn) പാകിസ്ഥാന്റെ പദവി ഇന്ത്യ പിന്‍വലിക്കുകയും ഇതേ വര്‍ഷം പാകിസ്ഥാന്‍ ഇറക്കുമതിക്ക് ന്യൂഡല്‍ഹി 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വ്യാപാരം നിറുത്തിവച്ചത്.
ലോക വ്യാപാര സംഘടനയുടെ (WTO) 1994ലെ ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ് ആന്‍ഡ് ട്രേഡ് (GATT) സംബന്ധിച്ച പൊതു ഉടമ്പടിയുടെ ഭാഗമായി ഡബ്ല്യൂ.ടി.ഒയിലെ എല്ലാ അംഗരാജ്യങ്ങളും മറ്റെല്ലാ അംഗരാജ്യങ്ങള്‍ക്കും എം.എഫ്.എന്‍ പദവി നല്‍കണം. ഇത് സ്വതന്ത്രവും തുറന്നതുമായ വ്യാപാരം ഉറപ്പാക്കുകയും എല്ലാ അംഗങ്ങളും പരസ്പരം വ്യാപാര പങ്കാളികളായി തുല്യമായി പരിഗണിക്കുന്നതിനും സഹായിക്കുന്നു.
1996 മുതല്‍ എം.എഫ്.എന്‍ പദവി ഉണ്ടായിരുന്നിട്ടും പാകിസ്ഥാനിലേക്ക് 1,209 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കുണ്ടായിരുന്നു. വാഗാ-അട്ടാരി അതിര്‍ത്തി വഴി 138 ഉല്‍പന്നങ്ങള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. എന്നിട്ടും ഇന്ത്യയ്ക്ക് പാകിസ്ഥാനുമായുള്ള വ്യാപാരത്തില്‍ വ്യാപാര മിച്ചം നിലനിര്‍ത്താനായി. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം താരതമ്യേന വളരെ ചെറുതാണ്. 2016-17ല്‍ ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാരം വെറും 2.29 ബില്യണ്‍ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 0.35 ശതമാനം മാത്രമായിരുന്നു.
പരുത്തി, ഓര്‍ഗാനിക് കെമിക്കല്‍സ്, പ്ലാസ്റ്റിക്, ടാനിംഗ്/ഡയിംഗ് എക്‌സ്ട്രാക്റ്റുകള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, ബോയിലറുകള്‍, മെഷിനറികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ധാതു ഇന്ധനങ്ങളും എണ്ണകളും, പഴങ്ങളും പരിപ്പും, ഉപ്പ്, സള്‍ഫര്‍, പ്ലാസ്റ്ററിംഗ് വസ്തുക്കള്‍, അയിരുകള്‍, തുകല്‍ തുടങ്ങിവയാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്ന പ്രധാന വസ്തുക്കള്‍.