ചട്ടം ലംഘിച്ചുള്ള നിര്‍മാണത്തിന് പിഴ; പരിശോധന ഉടന്‍
തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ അനധികൃത നിര്‍മാണങ്ങളും കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തും
കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മിതികളും കൂട്ടിച്ചേര്‍ക്കലുകളും കണ്ടെത്തിയാല്‍ പിഴ ചുമത്തും. ചട്ടം ലംഘിച്ച് വീടുകളില്‍ നടത്തുന്ന അധിക നിര്‍മാണ പ്രവൃത്തികള്‍ മേയ് 15നു മുന്‍പ് ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കില്‍ പിഴ ഈടാക്കും.
പരിശോധന ഉടന്‍
തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ അനധികൃത നിര്‍മാണങ്ങളും കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തും. ഇത്തരത്തിലുള്ള അധിക നിര്‍മാണ പ്രവൃത്തികള്‍ കണ്ടെത്താന്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ വീടുകള്‍തോറും നടത്തുന്ന ഈ പരിശോധനയില്‍ നിന്നുള്ള വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യും. പരിശോധന ജൂണ്‍ 30ന് പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം.
നിയമപ്രകാരം ഇങ്ങനെ
കെട്ടിട നികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയാല്‍ 30 ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ ആയിരം രൂപയോ, പുതുക്കിയ നികുതിയോ പിഴയായി ചുമത്തും. കെട്ടിടം വിറ്റാല്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം. ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ.