പെട്രോള്‍ പമ്പുകളിലും 2,000 രൂപാ നോട്ടിന്റെ ഒഴുക്ക്

പമ്പുകളിലെത്തുന്ന 2,000 രൂപാ നോട്ടിന്റെ എണ്ണത്തില്‍ 50 ശതമാനം വരെ വര്‍ദ്ധന

Update: 2023-05-23 10:00 GMT

Image : Canva

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ 2,000 രൂപാ നോട്ടുമായി എത്തുന്ന ഉപയോക്താക്കളുടെ എണ്ണമുയരുന്നു. റിസര്‍വ് ബാങ്ക് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കും മുമ്പ് ദിവസവും ശരാശരി 20 രണ്ടായിരം രൂപാ നോട്ടുകള്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ 20-50 ശതമാനം വരെ വര്‍ദ്ധിച്ചുവെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് 'ധനത്തോട്' പറഞ്ഞു. ''നേരത്തേ ദിവസവും ശരാശരി 2,000ന്റെ 20-25 നോട്ടുകളാണ് ഞാന്‍ ബാങ്കില്‍ അടച്ചിരുന്നത്. കഴിഞ്ഞദിവസം അത് 40ല്‍ അധികമായി. 50-100 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ പോലും ഇപ്പോള്‍ കൊണ്ടുവരുന്നത് 2,000ന്റെ നോട്ടാണ്'', അദ്ദേഹം പറഞ്ഞു.

വാങ്ങരുതെന്ന് നിര്‍ദേശമില്ല
സംസ്ഥാനത്തെ പമ്പുകളില്‍ 2,000 രൂപാ നോട്ടുകള്‍ വാങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ശബരിനാഥ് പറഞ്ഞു. നേരത്തെ നോട്ട് അസാധുവാക്കലിന്റെ സമയത്തും അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ മാറാന്‍ നിരവധി ഉപയോക്താക്കള്‍ പെട്രോള്‍ പമ്പുകളെയാണ് സമീപിച്ചത്. അന്ന്, നോട്ട് കൈമാറ്റം കാര്യക്ഷമമാക്കാനും വിപണിയിലെ പ്രതിസന്ധിക്ക് തടയിടാനും സഹായകമായത് രാജ്യത്തെ ബൃഹത്തായ ഇന്ധനവിതരണ ശൃംഖലയാണ്. ഇതേ ചുമതല ഇപ്പോഴും നിര്‍വഹിക്കാന്‍ പമ്പുകളും സജ്ജമാണെന്നും അതുകൊണ്ട് അസോസിയേഷന് കീഴിലെ പമ്പുകളില്‍ 2,000ന്റെ നോട്ട് സ്വീകരിക്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുതിച്ചൊഴുകി 2,000, ഡിജിറ്റല്‍ ഇടപാട് താഴേക്ക്
ദേശീയതലത്തില്‍ പെട്രോള്‍ പമ്പുകളില്‍ ഇപ്പോള്‍ മൊത്തം കാഷ് പര്‍ച്ചേസിന്റെ 90 ശതമാനവും 2,000 രൂപാ നോട്ടുകള്‍ വഴിയാണെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം പമ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ വ്യക്തമാക്കിയിരുന്നു. പമ്പുകളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ 40 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും കുറഞ്ഞു.
കേരളത്തില്‍ 2016ന് മുമ്പ് പമ്പുകളില്‍ ഡിജിറ്റല്‍ പണമിടപാട് 2-3 ശതമാനമായിരുന്നത് നിലവില്‍ 40-45 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഇത് കുറഞ്ഞിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് പറഞ്ഞു.
Tags:    

Similar News