ഇന്ധനനികുതിയില്‍ കേരളത്തിന് വരുമാനനേട്ടം; പെട്രോളിന് കൂടുതല്‍ വില ആന്ധ്രയിലും കേരളത്തിലും
2020-21നെ അപേക്ഷിച്ച് കേരളത്തിന്റെ ഇന്ധന നികുതിവരുമാനം കഴിഞ്ഞവര്‍ഷം ഇരട്ടിയോളമായി കൂടി
പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പനയിലൂടെ നികുതിവരുമാനമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) കേരള സര്‍ക്കാര്‍ സ്വന്തമാക്കിയത് 5,219 കോടി രൂപ. മുന്‍വര്‍ഷത്തെ (2022-23) സമാനകാലത്ത് വരുമാനം 5,137 കോടി രൂപയായിരുന്നു.
2022-23ല്‍ ആകെ 11,827 കോടി രൂപ ഇന്ധന നികുതിയായി കേരളത്തിന് ലഭിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (PPAC) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 6,924 കോടി രൂപ മാത്രമായിരുന്നു. 2021-22ല്‍ ഇത് 9,265 കോടി രൂപയായി ഉയര്‍ന്നു. തുടര്‍ന്നാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 11,000 കോടി രൂപ ഭേദിച്ചത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ പെട്രോള്‍ വില: കേരളവും മുന്നില്‍
രാജ്യത്ത് സംസ്ഥാന തലസ്ഥാനങ്ങളില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് ആന്ധ്രാപ്രദേശിലാണ്. പെട്രോളിന് ലിറ്ററിന് 111.87 രൂപയാണ് ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയില്‍. രണ്ടാംസ്ഥാനത്ത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്. ലിറ്ററിന് 109.73 രൂപയ്ക്കാണ് അനന്തപുരിയിലെ വില്‍പന. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനാണ് മൂന്നാംസ്ഥാനം; ലിറ്ററിന് 109.66 രൂപ.
പെട്രോളിന് വില ഏറ്റവും കുറവ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്; പോര്‍ട്ട് ബ്ലെയറില്‍ വില 84.10 രൂപ മാത്രം. അരുണാചല്‍ പ്രദേശാണ് രണ്ടാമത്. 92.78 രൂപയാണ് അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ വില.
കേന്ദ്ര-സംസ്ഥാനങ്ങളുടെ കീശയില്‍ ₹3.40 ലക്ഷം കോടി
നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-സെപ്റ്റംബറില്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതിവരുമാനമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് കീശയിലാക്കിയത് 3.40 ലക്ഷം കോടി രൂപയാണെന്ന് പി.പി.എ.സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022-23ലെ സമാനകാലത്ത് പക്ഷേ, ഇത് 3.57 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പുവര്‍ഷത്തെ ആദ്യപാതിയിലെ വരുമാനത്തില്‍ 1.85 ലക്ഷം കോടി രൂപ കേന്ദ്രവും 1.55 ലക്ഷം കോടി രൂപ സംസ്ഥാനങ്ങളുമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാനകാലത്ത് കേന്ദ്രം 1.97 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങള്‍ 1.60 ലക്ഷം കോടി രൂപയും നേടിയിരുന്നു.
2022-23ല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ആകെ നേടിയത് 7.48 ലക്ഷം കോടി രൂപയാണ്. 2021-22ല്‍ ഇത് 7.74 ലക്ഷം കോടി രൂപയുമായിരുന്നു. 2022-23ല്‍ കേന്ദ്രം നേടിയ ആകെ വരുമാനം മുന്‍വര്‍ഷത്തെ 4.92 ലക്ഷം കോടി രൂപയില്‍ നിന്ന് 4.28 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നപ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാനം 2.81 ലക്ഷം കോടി രൂപയില്‍ നിന്ന് 3.20 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.
നികുതിയും സെസും
ക്രൂഡോയില്‍, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയല്‍റ്റി, കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി, കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വില്‍പന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്.
പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് നികുതി. 2022 മേയില്‍ കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരുന്നു.
കേരളത്തിന്റെ നികുതി
പെട്രോളിന് ലിറ്ററിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിനിത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ അധിക സെസ് ഏര്‍പ്പെടുത്തിയത്.