വൈദ്യുതി പരിഷ്‌കാരം: ₹8,323 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി
2024-25നകം ജി.എസ്.ഡി.പിയുടെ അര ശതമാനം വരെ കടമെടുക്കാം
വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66,413 കോടി രൂപയുടെ വായ്പാനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 2021-22ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതി 2024-25 വരെയാണ് നടപ്പാക്കുന്നത്.
പദ്ധതിപ്രകാരം 2021-22, 2022-23 വര്‍ഷത്തേക്കായി 8,323 കോടി രൂപയുടെ വായ്പാനുമതിയാണ് കേന്ദ്ര ധനമന്ത്രാലയം കേരളത്തിന് നല്‍കിയത്. പദ്ധതിയില്‍ സംസ്ഥാന ജി.ഡി.പിയുടെ (ജി.എസ്.ഡി.പി) അര ശതമാനം വരെ കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഊര്‍ജ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ വായ്പാനുമതി നല്‍കുന്നതെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
നടപ്പുവര്‍ഷം 1.43 ലക്ഷം കോടി
വൈദ്യുതി മേഖലയിലെ പരിഷ്‌കാരത്തിന് നടപ്പുവര്‍ഷവും (2023-24) വായ്പാപദ്ധതി സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഈ വര്‍ഷം ഇതിനായി കേന്ദ്രം അനുവദിക്കുന്നത് 1.43 ലക്ഷം കോടി രൂപയാണ്. 2021-22, 2022-23 വര്‍ഷങ്ങളില്‍ പരിഷ്‌കാരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങള്‍ അത് ഈ വര്‍ഷം നടപ്പാക്കാന്‍ ശ്രമിച്ചാലും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ ബംഗാളിന്
പദ്ധതിപ്രകാരം 2021-22, 2022-23 വര്‍ഷങ്ങളിലേക്കായി ഏറ്റവുമധികം തുക വായ്പ എടുക്കാന്‍ അനുമതിയുള്ളത് പശ്ചിമ ബംഗാളിനാണ്; 15,263 കോടി രൂപ. രാജസ്ഥാന്‍ (11,308 കോടി രൂപ), ആന്ധ്രാപ്രദേശ് (9,574 കോടി രൂപ) എന്നിവയ്ക്കും കേരളത്തിനേക്കാള്‍ അധിക തുകയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ നടപ്പുവര്‍ഷത്തെ 50 വര്‍ഷ പലിശരഹിത വായ്പയ്ക്ക് അര്‍ഹരായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കായി 56,415 കോടി രൂപയാണ് ഈയിനത്തില്‍ അനുവദിച്ചത്.