മഴ ചതിക്കില്ലെന്ന് പ്രവചനം ; സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും

Update: 2020-04-15 12:00 GMT

കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇന്ത്യന്‍ വ്യാപാര വ്യവസായ മേഖലകള്‍ വന്‍ നഷ്ടത്തിലേക്ക് കുതിക്കുമ്പോഴും ആശ്വാസം പകര്‍ന്ന് മഴ പ്രവചനം. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത്തവണ രാജ്യത്ത് 100 ശതമാനം മഴ ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മറ്റു മേഖലകളില്‍ തലപൊക്കിത്തുടങ്ങുമ്പോഴായിരിക്കും കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്ക് ഗുണകരമായ രീതിയിലേക്ക് മഴ മാറുക.

കേരളത്തില്‍ തിരുവനന്തപുരത്ത് ജൂണ്‍ ഒന്നിന് മഴ തുടങ്ങുമെന്നാണ് പ്രവചനം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡിഷ, ഝാര്‍ഘണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്നു മുതല്‍ ഏഴു ദിവസം വരെ മണ്‍സൂണ്‍ എത്താന്‍ വൈകും. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജൂലൈ 15 എന്ന പതിവ് സമയത്തിനും മുമ്പേ ജൂലൈ എട്ടിനു തന്നെ മഴയാരംഭിക്കും. ഒക്ടോബര്‍ 15 വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്.

മഴയുടെ ലഭ്യതയ്ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രാധാന്യം ഉള്ള സാഹചര്യത്തിലാണ് ഐഎംഡിയുടെ പ്രചവനം ആശ്വാസമാകുന്നത്. ഈ മാസം 20 ന് ശേഷം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ക് ഡൗണില്‍ നിന്ന് ഇളവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News