കേരളത്തില്‍ അവശ്യസാധനവില കുതിച്ചുയരുന്നു
അരി ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കയറ്റത്തില്‍
പണപ്പെരുപ്പവും പലിശ വര്‍ധനവും മാത്രമല്ല, പല നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. വരാനിരിക്കുന്ന ഈസ്റ്റര്‍, വിഷു, ചെറിയപെരുന്നാള്‍ ആഘോഷങ്ങളെയാണ് വിലവര്‍ധന സാരമായി ബാധിക്കുക. അരി, പഞ്ചസാര, പാല്‍, പച്ചമുളക്, കോഴി ഇറച്ചി, മീന്‍, ഇഞ്ചി തുടങ്ങിയവയ്ക്കൊക്കെ പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്.
അരിവില മേലേക്ക്
ഒരു കിലോ അരി വാങ്ങണമെങ്കില്‍ കുറഞ്ഞത് 50 രൂപയെങ്കിലും കൈയില്‍ വേണമെന്നതാണ് സ്ഥിതി. മലയാളി കൂടുതലായി ഉപയോഗിക്കുന്ന മട്ട,ജയ, സുരേഖ തുടങ്ങിയ അരിയ്ക്കൊക്കെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അമ്പത് രൂപയില്‍ താഴേ വിലയുള്ള പൊന്നി അരിയ്ക്കാകട്ടെ കേരളത്തില്‍ ആവശ്യക്കാരും കുറവാണ്. വിളവെടുപ്പ് നടക്കുന്ന ജൂണ്‍ജൂലൈ വരെ അരിവില ഇനിയും കുതിച്ചുയരുമെന്നാണ് സൂചന.
റമദാന്‍ വ്രതം ആരംഭിക്കുന്നതിനുമുമ്പ് തന്നെ പഴവര്‍ഗങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. യാതൊരുവിധ വില നിയന്ത്രണവും വിപണിയില്‍ പ്രാബല്യത്തിലില്ലാത്തതിനാല്‍ തോന്നുംപോലെ വില ഈടാക്കുന്ന കച്ചവടക്കാരും ഉണ്ട്. തണ്ണിമത്തന്‍, ഏത്തപ്പഴം, ഈന്തപ്പഴം, മുന്തിരി തുടങ്ങിയവയ്ക്കൊക്കെ ഈ വില വ്യത്യാസം ദൃശ്യമാണ്. ഇത് ചോദ്യം ചെയ്താല്‍ കിട്ടുന്ന ഉത്തരമാകട്ടെ മുന്തിയ ഇനമായിരിക്കും എന്ന മറുപടിയാണ്.
റമദാന്‍-വിഷു വിലക്കയറ്റം
സാധാരണയായി റമദാന്‍ കാലത്ത് മാംസ ചന്തകളില്‍ അല്‍പ്പം വിലക്കയറ്റം വരാറുള്ളതാണ്. എന്നാല്‍ ഇത്തവണ വിലക്കയറ്റം അല്‍പ്പം കൂടി പോയി. നൂറ് രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ഒരുകിലോ കോഴി ഇറച്ചിക്ക് 136 രൂപയാണ്. ഈസ്റ്റര്‍ അടുക്കുന്നതോടെ വില ഇനിയും കുത്തനെ ഉയരും. ചെറിയ പെരുന്നാള്‍വരെ ഈ വില നിലനില്‍ക്കുമെന്നും സൂചനയുണ്ട്. പച്ചക്കറിവിലയും ഉയര്‍ന്നിട്ടുണ്ട്. പച്ചമുളകിനും തക്കാളിക്കും വില പകുതിയോളം വര്‍ധിച്ചപ്പോള്‍ ബീന്‍സിന് ഇരട്ടിയായാണ് ഉയര്‍ന്നത്. അറുപത് രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 120 രൂപയായും വെളുത്തുള്ളിക്ക് വലുപ്പമനുസരിച്ച് 100 മുതല്‍ 160 രൂപവരെയുമാണ് വില.
വിഷു ആകുമ്പോള്‍ കണിവെള്ളരിയുടെ വില 40-50വരെ ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 15-20വരെയാണ് ഇപ്പോള്‍ ഒരുകിലോ വെള്ളരിയുടെ വില. ചെറുമീനുകള്‍ക്കുപോലും വില വര്‍ധിച്ചതോടെ മത്സ്യവിപണിയും പൊള്ളുകയാണ്.സര്‍ക്കാര്‍ വില നിയന്ത്രണ സംവിധാനങ്ങള്‍ ഇനിയും സജീവമാകാത്തതാണ് വിലക്കയറ്റം നിയന്ത്രണാതീതമായി തുടരാന്‍കാരണം. സപ്ലൈകോയുടെയും മറ്റും നേതൃത്വത്തില്‍ തുറക്കുന്ന ആഘോഷവിപണികള്‍ ഇക്കുറിയും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും വിലക്കയറ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് സാധാരണക്കാര്‍.