ഇന്ത്യയില്‍ മണ്‍സൂണിന്റെ 'വിളവെടുപ്പ്' ആര്‍ക്കൊക്കെ ഗുണം ചെയ്യും?

നെല്ല് ഉല്‍പ്പാദനം ആറ് ശതമാനം കൂടി ഇക്കൊല്ലം 11.99 കോടി ടണ്‍ ആയി

Update:2024-12-08 12:00 IST

Image Courtesy: Canva

മണ്‍സൂണ്‍ മഴ നല്ല രീതിയില്‍ ലഭിച്ചതോടെ കൂടുതല്‍ സ്ഥലത്തു കൃഷി ചെയ്യുകയും നല്ല വിളവ് കിട്ടുകയും ചെയ്തു. ഇക്കഴിഞ്ഞ ഖാരിഫ് (ഒന്നാം കൃഷി) മികച്ചതായിരുന്നു. ഖാരിഫ് ഉല്‍പ്പാദനത്തില്‍ നല്ല വര്‍ധനവും ഉണ്ടായി. നെല്ല് ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 11.33 കോടി ടണ്ണില്‍ നിന്ന് ആറ് ശതമാനം കൂടി ഇക്കൊല്ലം 11.99 കോടി ടണ്‍ ആയി.
പരുക്കന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനം 3.78 കോടി ടണ്‍ ഉണ്ട്. ചോളം ഉല്‍പ്പാദനം 2.23 കോടി ടണ്ണില്‍ നിന്ന് 10.3 ശതമാനം വര്‍ധിച്ച് 2.45 കോടി ടണ്ണില്‍ എത്തി. അതേസമയം പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തില്‍ നാമമാത്ര വര്‍ധനയേ ഉണ്ടായിട്ടുള്ളൂ (6.954 കോടി ടണ്ണില്‍ നിന്ന് 6.974 കോടി ടണ്ണിലേക്ക്). എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനത്തിലും വര്‍ധന തുച്ഛമാണ്. 2.416 കോടി ടണ്ണില്‍ നിന്ന് 2.574 കോടി ടണ്ണിലേക്ക്- 6.5 ശതമാനം വര്‍ധന. രാജ്യത്തെ ഏറ്റവും പ്രധാന കാര്‍ഷിക സീസണിലെ ഈ ഉല്‍പ്പാദന കണക്ക് പല തരത്തില്‍ പ്രധാനമാണ്. ചില കാര്യങ്ങളില്‍ സാമ്പത്തിക രംഗത്തിന് ആശ്വാസം നല്‍കുമ്പോള്‍ മറ്റു ചില കാര്യങ്ങളില്‍ ആശങ്കയും നല്‍കുന്നു.

റെക്കോഡ് ഉല്‍പ്പാദനം

ആദ്യം ആശ്വാസകാര്യങ്ങള്‍ നോക്കാം. ധാന്യങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത തുടരുന്നുണ്ട്. ഇതില്‍ കയറ്റുമതിക്കും അവസരമുണ്ട്. ഇത് രണ്ടും നല്ല കാര്യങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ഇന്ത്യ അരി കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇടയ്ക്ക് നിരോധിക്കുകയും ചെയ്തു. അവ മാറ്റാന്‍ ഈ റെക്കോഡ് ഉല്‍പ്പാദനം സഹായിക്കും.

ചോളം ഉല്‍പ്പാദനത്തിലെ വര്‍ധന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെയും എഥനോളിന്റെയും ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കും. അതേസമയം എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം കൂടാത്തത് മൂലം ഭക്ഷ്യ എണ്ണ ഇറക്കുമതി വലിയ അളവില്‍ നടത്തേണ്ടി വരും. ആഗോള വിപണിയില്‍ പാമോയില്‍ വില ഈ വര്‍ഷം 40 ശതമാനത്തിലധികം വര്‍ധിച്ചു. ഇറക്കുമതിച്ചെലവ് കൂടുന്നതു മാത്രമല്ല പ്രശ്നം. വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കും എന്നതാണു ഗുരുതര വിഷയം. നല്ല കാലവര്‍ഷത്തില്‍ നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍ പഞ്ചസാര, സസ്യ എണ്ണ, അരി കയറ്റുമതി, കാലിത്തീറ്റ മേഖലകളില്‍ ഉള്ളവയാണ്. കാര്‍ഷികോല്‍പ്പാദനം കൂടിയത് എഫ്എംസിജി കമ്പനികളെ സഹായിക്കും.
(Originally published in Dhanam Magazine 15 December 2024 issue.)
Tags:    

Similar News