രാജസ്ഥാനില്‍ 3 ലക്ഷം വരെ കാര്‍ഷികവായ്പ; 3 % പലിശ

Update: 2020-05-16 12:39 GMT

കര്‍ഷകര്‍ക്ക് മൂന്ന് ശതമാനം പലിശയ്ക്ക് ഉയര്‍ന്ന തുക വായ്പ നല്‍കാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. ഇതനുസരിച്ച് കാര്‍ഷികോത്പാദനത്തിന്റെ മൊത്തം മൂല്യത്തിന്റെ 70 ശതമാനം വരെ വായ്പ അനുവദിക്കും. പലിശ നിരക്ക് 10 ശതമാനമാണെങ്കിലും സഹകാര്‍ കിസാന്‍ കല്യാണ്‍ യോജനയിലൂടെ ബാക്കി ഏഴ് ശതമാനം സര്‍ക്കാര്‍ വഹിക്കും.

പുതിയ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതോടെ ഇടനിലക്കാരില്‍ നിന്നും മറ്റു പണമിടപാടുകാരില്‍ നിന്നും കര്‍ഷകര്‍ രക്ഷപ്പെടുമെന്നാണു വിലയിരുത്തല്‍.കര്‍ഷകരെ സംരംഭകരും കൂടി ആക്കി മാറ്റുന്ന പദ്ധതിയുടെ സഹായത്തോടെ കാര്‍ഷികോത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാതെ കൂടുതല്‍ ആവശ്യകതയും വിലയും ലഭിക്കുന്ന സമയം വരെ കാത്തിരിക്കാന്‍ കര്‍ഷര്‍ക്ക് അവസരം ലഭിക്കും.

മൂന്ന് മാസത്തേക്കാണ് വായ്പ അനുവദിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ആറ് മാസം വരെ വായ്പാ തിരിച്ചടവിന് അനുവദിക്കും. നിലവിലുള്ള കാര്‍ഷികോത്പാദനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ സംഭരിച്ച വെക്കുന്നതിനുള്ള സൗകര്യം കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. എല്ലാ കര്‍ഷകര്‍ക്കും കൂട്ടായ സംഭരണസൗകര്യം ഒരുക്കിയാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.

കാര്‍ഷിക മേഖലയ്ക്ക് 50 കോടിയുടെ ധനസഹായം അനുവദിക്കാനും ഗെഹ്ലോട്ട് സര്‍ക്കാര്‍ തീരുമാനിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വില്‍പനയില്‍ ചുമത്തിയ രണ്ട് ശതമാനം അധികനികുതിയില്‍(കൃഷക് കല്യാണ്‍ സെസ്) നിന്ന് ലഭിച്ച തുക കൊണ്ടാണ് ഈ ധനസഹായം നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News