മഞ്ഞുരുകുന്നു, ഊർജിത് പട്ടേൽ രാജി വച്ചേക്കില്ല 

Update:2018-11-16 12:42 IST

തർക്കവിഷയങ്ങളിൽ സമവായത്തിന് റിസർവ് ബാങ്കും സർക്കാരും തയ്യാറെടുക്കുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ആർബിഐ ബോർഡ് യോഗത്തിന് മുൻപ് അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം.

ആർബിഐ ഗവർണർ ഊർജിത് പട്ടേൽ ബോർഡ് യോഗത്തിൽ രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാജി ഉണ്ടായേക്കില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പട്ടേൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാരും ആർബിഐയും തമ്മില്‍ മഞ്ഞുരുകലിന് ശ്രമം തുടങ്ങിയത്.

മൂന്ന് കാര്യങ്ങളിലാണ് സർക്കാരും റിസർവ് ബാങ്കും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളത്: 1) ധനക്കമ്മി നിയന്ത്രിക്കാൻ ആര്‍.ബി.ഐയുടെ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ആര്‍.ബി.ഐ നിരസിച്ചു. 2) ഹൗസിംഗ്, ഫിനാന്‍സിങ് കമ്പനികളുടെ തകർച്ച ഒഴിവാക്കാൻ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം കൊണ്ടുവരാൻ ആർബിഐയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. 3) കിട്ടാക്കട പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ നൽകാനായി പിസിഎ ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നതാണ് സർക്കാരിന്റെ നിലപാട്. ഈ കടുത്ത നടപടികളിൽ നിന്ന് പിന്നോട്ട് പോകാൻ ആർബിഐ വിസമ്മതിച്ചിരുന്നു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിയത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ തുടർന്നാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു: എസ്. ഗുരുമൂർത്തി

നോട്ട് നിരോധനമാണ് സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിച്ചതെന്ന് ആർബിഐ ബോർഡ് അംഗവും ആര്‍എസ്എസ് താത്വിക ആചാര്യനുമായ എസ്. ഗുരുമൂർത്തി.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ റിയൽ എസ്റ്റേറ്റ്, സ്വർണ്ണവ്യാപാരം എന്നീ രംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ സബ്-പ്രൈം ലെൻഡിങ് മൂലമുണ്ടായ തകർച്ചയ്ക്ക് സമാനമായ സ്ഥിതി ഇവിടെയും ഉണ്ടാകേണ്ടതായിരുന്നു എന്ന് ഗുരുമൂർത്തി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നടപടികളെ പിന്തുണക്കാത്ത ആര്‍ബിഐയുടെ നിലപാടിനെയും ഗുരുമൂര്‍ത്തി വിമര്‍ശിച്ചു.

Similar News