പ്രതീക്ഷിച്ച പോലെ പണനയം; റീപോ നിരക്ക് 6.5 ശതമാനമാക്കി, പക്ഷേ സൂചികകൾ താണു
2023 - 24 ൽ 6.4 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നതായി ഗവർണർ ശക്തികാന്ത ദാസ്. നയപ്രഖ്യാപനത്തിനിടെ ഉയർന്ന സൂചികകൾ പിന്നീടു താണു
പ്രതീക്ഷ പോലെ പണനയം വന്നു. പക്ഷേ വിപണി അനുകൂലമായി പ്രതികരിച്ചില്ല.. നയപ്രഖ്യാപനത്തിനിടെ ഉയർന്ന സൂചികകൾ പിന്നീടു താണു. രണ്ടു കാര്യങ്ങളാണു വിപണി ശ്രദ്ധിച്ചത്. ഒന്ന്: ഇനിയും പലിശ കൂട്ടും എന്ന അറിയിപ്പ്. രണ്ട്: വിലക്കയറ്റം ഉയർന്ന നിലവാരത്തിൽ തുടരും എന്നത്. രണ്ടും വിപണിക്ക് ഇഷ്ടമല്ല.
റീപോ നിരക്ക് 6.25 ൽ നിന്ന് 6.5 ശതമാനമാക്കി. ഇതനുസരിച്ച് അനുബന്ധ നിരക്കുകളും (ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി, എസ്ഡി എഫ് ) കൂട്ടി. ആവശ്യാനുസരണം പണലഭ്യത കൂട്ടന്ന നയം സാവധാനം കുറച്ചു കൊണ്ടുവരിക എന്ന സമീപനം തുടരാനും പണനയ കമ്മിറ്റി (എംപിസി) തീരുമാനിച്ചു.
2023-24 ൽ 6.4 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നതായി ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒന്നാം പാദത്തിലെ 7.8 ശതമാനം വളർച്ച പിന്നീടു ക്രമമായി താണ് നാലാം പാദത്തിൽ 5.8 ശതമാനമാകും എന്നാണു വിലയിരുത്തൽ. ഈ വർഷം പ്രതീക്ഷ ഏഴു ശതമാനമായി ഉയർത്തി.
ഈ വർഷം വിലക്കയറ്റം 6.5 ശതമാനമാണ്. അടുത്തവർഷം വിലക്കയറ്റം 5.3 ശതമാനമായി കുറയും എന്നാണു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു നേട്ടത്തിലാണ്. എന്നാൽ അദാനി ടോട്ടൽ ഗ്യാസ് അഞ്ചു ശതമാനം ഇടിഞ്ഞു. അഡാനി എന്റർപ്രൈസസ് പരമാവധിയായ 10 ശതമാനം ഉയർന്ന് 1983 രൂപയിലെത്തി
മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ഭാരതി എയർടെലിന്റെ ഓഹരി ലാഭമെടുക്കലിനെ തുടർന്നു മൂന്നു ശതമാനം താഴ്ന്നു. ഡോളർ ഇന്നു കാര്യമായ മാറ്റമില്ലാതെ 82.67 രൂപയിൽ വ്യാപാരം തുടങ്ങി. സ്വർണം ലോക വിപണിയിൽ 1876 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 42,200 രൂപയിൽ തുടരുന്നു.